നവമാനവികതയുടെ 22 തീസീസുകൾ – II

ഭാഗം രണ്ട്:
( പതിനേഴ് മുതൽ ഇരുപത്തിരണ്ട് വരെ തീസീസുകൾ )

പതിനേഴ്

മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുമാറ് സമൂഹത്തിൻറെ സാമ്പത്തിക ഘടനയെ പുന:സംവിധാനം ചെയ്യുക റാഡിക്കൽ ഡെമോക്രസിക്ക് ആവശ്യമാണ്. സമൂഹത്തിൻറെ അംഗങ്ങളായ വ്യക്തികളുടെ ബുദ്ധിപരമായ സിദ്ധികളുടെയും മറ്റ് സൂക്ഷ്മമായ മാനുഷിക നിലീന സിദ്ധികളുടെയും വികാസത്തിനുള്ള മുൻവ്യവസ്ഥയാണ് ഭൌതികാവശ്യ ങ്ങളുടെ പടിപടിയായുള്ള നിറവേറൽ. ജീവിത നിലവാരത്തിലുള്ള പടിപടിയായ ഉയർച്ച ഉറപ്പു വരുത്തുന്ന സാമ്പത്തിക പുന:സംവിധാനം റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രത്തിൻറെ അടിസ്ഥാനമായിരിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കു കുതിക്കണമെങ്കിൽ ബഹുജനങ്ങൾക്ക് സാമ്പത്തികമായ മോചനം ഉണ്ടായേ മതിയാവു.

പതിനെട്ട്

മനുഷ്യന്റെ ആവശ്യങ്ങളോട് ബന്ധപ്പെടുത്തി ഉല്പാദന വിതരണങ്ങൾ ക്രമീകരിച്ചതായിരിക്കും പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലെ സാമ്പത്തിക ഘടന. ജനങ്ങൾക്ക് ഫലപ്രദമായി അധികാരം പ്രയോഗിക്കാൻ അവസരം നല്കാത്ത അധികാര നിയോഗം എന്ന നിലവിലിരിക്കുന്ന സമ്പ്രദായം അതിൻറെ രാഷ്ട്രീയ ഘടനയിൽ ഉണ്ടായിരിക്കുകയില്ല. ജനകീയ സമിതികളിലൂടെ പ്രായപൂർത്തിയായ എല്ലാവരും ഭരണത്തിൽ നേരിട്ട് പങ്കാളികളാവുക എന്ന അടിസ്ഥാനമായിരിക്കും അതിനുണ്ടാവുക. അറിവിൻറെ സാർവത്രികമായ വ്യാപനവും ഏറ്റവും കുറഞ്ഞ നിയന്ത്രണവും ശാസ്ത്രീയവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾക്ക് പരമാവധി സാദ്ധ്യതയും പ്രോത്സാഹനവും എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അതിൻറെ സംസ്കാരം. യുക്തിബോധത്തിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ പുതിയ സമൂഹം തീർച്ചയായും ആസൂത്രിതവും ആയിരിക്കും. എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം പ്രധാന ലക്ഷ്യമാക്കി വച്ചുകൊണ്ടുള്ളതായിരിക്കും ആസൂത്രണം. പുതിയ സമുദായം രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ജനാധിപത്യപരമായിരിക്കും. തത്ഫലമായി സ്വയം സംരക്ഷിക്കാൻ കഴിയുന്നതായിരിക്കും ജനാധിപത്യം.

പത്തൊൻപത്

സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം സൃഷ്ടിക്കാൻ നിശ്ചയം ചെയ്ത, ആത്മീയമായി സ്വതന്ത്രരായ, വ്യക്തികൾ സംഘടിച്ച് നടത്തുന്ന കൂട്ടായ യത്നത്തിലൂടെയാണ് റാഡിക്കൽ ഡെമോക്രസിയുടെ ആദർശം ഫലപ്രാപ്തിയിലെത്തുക. അവർ ഭാവി ഭരണാധികാരികൾ എന്ന നിലക്കല്ല, ജനങ്ങളുടെ വഴികാട്ടികളും സ്നേഹിതന്മാരും തത്ത്വദർശികളും എന്ന നിലയിൽ പ്രവർത്തിക്കും. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിൽ നിന്നു് വ്യതിചലിക്കാത്തതു കൊണ്ട് അവരുടെ പ്രവർത്തനം യുക്തിബദ്ധവും അതുകൊണ്ട് ധാർമ്മികവും ആയിരിക്കും. അവരുടെ യത്നം ജനങ്ങളുടെ സ്വാതന്ത്ര്യേച്ഛ വളരുന്നതനുസരിച്ച് പ്രാബല്ല്യപ്പെടുകയും ചെയ്യും. പ്രബുദ്ധമായ പൊതുജനാഭിപ്രായത്തിന്റെ പിന്തുണയും ജനങ്ങളുടെ ബുദ്ധിപൂർവ്വമായ പ്രവർത്തനവും കൊണ്ട് അന്തിമമായി റാഡിക്കൽ ഡെമോക്രാറ്റിക്ക് രാഷ്ട്രം ആവിർഭവിക്കും. അധികാര കേന്ദ്രീകരണവും സ്വാതന്ത്ര്യവും ഒന്നിച്ചു പോവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അതിൻറെ ലക്ഷ്യം അധികാരത്തിൻറെ കഴിയുന്നത്ര വിശാലമായ വ്യാപനമായിരിക്കും.

ഇരുപത്

അന്തിമ വിശകലനത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും അനുഗുണമായ സാമൂഹ്യ പുന:സംവിധാനത്തിനുള്ള ഉപാധി പൌരന്മാരുടെ വിദ്യാഭ്യാസമാണ്. പൗരന്മാരെ രാഷ്ട്രീയവും പൌരധർമ്മവും അഭ്യസിപ്പിക്കുന്ന പാഠശാലയായിരിക്കും റാഡിക്കൽ ഡെമോക്രാറ്റിക് രാഷ്ട്രം. അതിൻറെ ഘടനയും പ്രവർത്തനവും നിർമ്മമരായ വ്യക്തികൾക്ക് പൊതുകാര്യങ്ങളുടെ മുൻനിരയിൽ വരാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കും. ഇത്തരം ആളുകൾ സേവനം അനുഷ്ഠിക്കുന്ന രാഷ്ട്രീയ യന്ത്രം ഏതെങ്കിലും പ്രത്യേക വർഗ്ഗത്തിന് മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കാനുള്ള ഉപകരണമായിരിക്കുകയില്ല.ആത്മീയമായി സ്വതന്ത്രരായ വ്യക്തികൾ അധികാരത്തിൽ വന്നാലേ അടിമത്തത്തിന്റെ എല്ലാ ചങ്ങലകളെയും തകർത്ത് എല്ലാവരിലേക്കും സ്വാതന്ത്ര്യം എത്തുകയുള്ളു.

ഇരുപത്തിയൊന്ന്

റാഡിക്കലിസം ശാസ്ത്രത്തെയും സമുദായ സംഘടനയെയും ഏകീഭവിപ്പിക്കുകയും വ്യക്തിത്വത്തെയും കൂട്ടായ ജീവിതത്തെയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. അത് ധാർമ്മികവും ബുദ്ധിപരവും സാമൂഹ്യവുമായ ഉള്ളടക്കം സ്വാതന്ത്ര്യത്തിന് നല്കുന്നു. സാമ്പത്തിക നിർണ്ണയവാദത്തിന്റെ യുക്തിക്കും ആശയങ്ങളുടെ ചലനാത്മകതക്കും അർഹമായ അംഗീകാരം ലഭിക്കുന്ന സാമൂഹ്യ പുരോഗതിയെ സംബന്ധിക്കുന്ന സമഗ്ര സിദ്ധാ ന്തം മുന്നോട്ടുവയ്ക്കുന്നു. നമ്മുടെ കാലഘട്ടത്തിൽ സാമൂഹ്യ വിപ്ലവത്തിനുള്ള ഒരു പരിപാടിയും അതിൽനിന്നു തന്നെ ആവിർഭവിക്കുന്നു.

ഇരുപത്തിരണ്ട്

“മനുഷ്യൻ ആണ് എല്ലാറ്റിന്റെയും മാനദണ്ഡം” (പ്രോട്ടഗോറസ് ) അല്ലെങ്കിൽ “മനുഷ്യനാണ് മാനവരാശിയുടെ വേര്”(മാർക്സ്) എന്ന സൂക്തത്തിൽ നിന്നാണ് റാഡിക്കലിസം ആരംഭിക്കുന്നത്. ആത്മീയമായി വിമോചിതരായ ധാർമ്മിക മനുഷ്യരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സ്വതന്ത്ര മനുഷ്യരുടെ ഒരു കോമണ്വെതൽത്തായും സൌഭ്രാത്രമായും ലോകത്തെ പുന:സംഘടിപ്പിക്കണമെന്ന് അതു് വാദിക്കുന്നു.

( ഭാഷാന്തരം : പ്രൊഫ . തോമസ് മാത്യു )

Posted in നവോത്ഥാനം, മാനവികത | Tagged , , , , , , , , , | ഒരു അഭിപ്രായം ഇടൂ

നവമാനവികതയുടെ 22 തീസീസുകൾ – I

ഭാഗം ഒന്നു് : ഒന്നു് മുതൽ പതിനാറ് വരെ തീസീസുകൾ

ഒന്നു്

മനുഷ്യനാണ് സമുദായത്തിൻറെ മൂലരൂപം . സഹകരണാത്മകമായ സാമൂഹ്യബന്ധങ്ങൾ വ്യക്തികളുടെ നിലീനശക്തികളുടെ വികാസത്തെ സഹായിക്കുന്നു. എന്നാൽ വ്യക്തികളുടെ വളർച്ചയാണ് സാമൂഹ്യ പുരോഗതിയുടെ മാനദണ്ഡം. സമഷ്ടി, വ്യക്തികളുടെ നിലനില്പിനെ സിദ്ധവല്ക്കരിക്കുന്നു. വ്യക്തികൾ യഥാർഥത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ക്ഷേമത്തിന്റെയും ആകെത്തുക എന്ന നിലയ്ക്കൽലാത്ത സാമൂഹ്യ വിമോചനവും പുരോഗതിയും ഒരിക്കലും പ്രാപിക്കാനാകാത്ത സാങ്കല്പികാദർശങ്ങൾ മാത്രമാണ് . ക്ഷേമം, അത് യഥാർത്ഥമാണെങ്കിൽ , ആസ്വദിക്കുന്നത് വ്യക്തികളാണ് . മനുഷ്യ സമുദായത്തിൻറെ ഏതെങ്കിലും രൂപത്തിനു (രാഷ്ട്രം , വർഗ്ഗം തുടങ്ങിയവ ഉദാഹരണങ്ങൾ ) ഒരു സമഷ്ട്യാഹംബോധം ഉണ്ടെന്നു പറയുന്നത്‌ തെറ്റാണ് . കാരണം അത് വ്യക്തിയെ ബലികൊടുക്കലായിരിക്കും . വ്യക്തിക്ഷേമത്തിന്റെ നിർവഹണം മാത്രമാണ് സമഷ്ടിയുടെ ക്ഷേമം.

രണ്ട്

മാനവപുരോഗതിയുടെ മൗലിക ത്വരയുടെ ഘടകങ്ങൾ സ്വാതന്ത്ര്യത്തിനും സത്യത്തിനും വേണ്ടിയുള്ള അന്വേഷണമാണ്‌ . സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വേഷണം നിലനിൽപ്പിനുവേണ്ടിയുള്ള ജീവശാസ്ത്രപരമായ പോരാട്ടത്തിൻറെ ഉയർന്ന തലത്തിലുള്ള – ബുദ്ധിയുടെയും വികാരത്തിന്റെയും തലത്തിലുള്ള – തുടർച്ചയാണ് . സത്യത്തിനുവേണ്ടിയുള്ള അന്വേഷണമാകട്ടെ അതിൻറെ അനന്തരഫലവും . പ്രകൃതിയെക്കുറിച്ചുള്ള അറിവിൻറെ വളർച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും ഭൌതികവും സാമൂഹ്യവുമായ പരിതോവസ്ഥകളുടെയും നിഷ്‌ഠൂ രാധിപത്യത്തിൽ നിന്ന് പടിപടിയായി സ്വാതന്ത്ര്യം നേടാൻ മനുഷ്യനെ സഹായിക്കുന്നു . അറിവിൻറെ ഉള്ളടക്കമാണ് സത്യം.

മൂന്നു്

വ്യക്തിയുടേതായാലും സമഷ്ടിയുടേതായാലും യുക്തിസഹമായ എൽലാ മാനവ യത്നങ്ങളുടെയും ലക്ഷ്യം കൂടുതൽ കൂടുതൽ അളവിൽ സ്വാതന്ത്ര്യം നേടുക എന്നതാണ്‌ . മനുഷ്യജീവികൾ എന്ന നിലയ്ക്ക് – യാന്ത്രികമായ സാമൂഹ്യ ഘടനയിലെ ചക്രത്തിൻറെ പൽലുകൾ എന്ന നിലയ്കല്ല – വ്യക്തികളുടെ നിലീന ശക്തികളുടെ വികസനത്തെ തടയുന്ന എല്ലാറ്റിൻറെയും പടിപടിയായ നിരോധനമാണ് സ്വാതന്ത്ര്യം. അതുകൊണ്ട് ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും സാമൂഹ്യ സംഘടനയുടെയും പുരോഗമനപരവും വിമോചനപരവുമായ പ്രാധാന്യത്തിന്റെ അളവുകോൽ വ്യക്തിയുടെ സ്ഥാനമായിരിക്കും. കൂട്ടായ ഏതു യത്നത്തിന്റെയും വിജയം അളക്കേണ്ടത്‌ അതിൻറെ ഘടകങ്ങൾക്കു യഥാർത്ഥത്തിൽ ലഭിച്ച ഗുണത്തിന്റെ തോത് വച്ചാണ്.

നാല്

നിയമബദ്ധമായ ഭൌതിക പ്രകൃതിയുടെ പശ്ചാത്തലത്തിൽ നിന്നു് ആവിർഭവിച്ച മനുഷ്യജീവി മൗലികമായും യുക്തിബോധമുള്ളവനാണ്. യുക്തിബോധം ജീവശാസ്ത്രപരമായ ഒരു ഗുണമാകയാൽ അതു് ഇച്ഹാശക്തിക്കു വിരുദ്ധമൽല .ധിഷണാശക്തിയെയും വികാരത്തെയും ജീവശാസ്ത്രപരമായ ഒരു പൊതുചേഛദകത്തിലേക്ക് ചുരുക്കി കൊണ്ടുവരാം. അതുകൊണ്ട് ചരിത്രപരമായ നിർണ്ണയവാദം ഇച്ച്ഛയുടെ സ്വാതന്ത്ര്യത്തെ തിരസ്കരിക്കുന്നില്ല. യഥാർത്ഥത്തിൽ മനുഷ്യൻറെ ഇച്ക്ഹാശക്തി ഏറ്റവും ശക്തിയുള്ള നിർണ്ണായക ഘടകമാണ് . അല്ലായിരുന്നെങ്കിൽ ചരിത്രത്തിൻറെ യുക്തിയാൽ നിർണീതമായ പ്രക്രിയയിൽ വിപ്ളവത്തിനു ഇടം കിട്ടുമായിരുന്നില്ല. യുക്തിപൂർവ്വവും ശാസ്ത്രീയവുമായ നിർണ്ണയവാദത്തെ ഹേതുവാദപരമോ മതപരമോ ആയ വിധിവാദവുമായി കൂട്ടിക്കുഴയ്ക്കരുത്.

അഞ്ച്

ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനം ഭൌതിക വാദത്തിൻറെ തെറ്റായ വ്യാഖ്യാനത്തിൽ നിന്നു ഉണ്ടായതാണ്‌ . ഭൌതികവാദം ഏകതാദർശനമായിരിക്കുമ്പോൾ അത് ദ്വൈതവാദമാണ് . ചരിത്രം നിർണ്ണയിക്കപ്പെട്ട പ്രക്രിയയാണ് . എന്നാൽ അതിന് ഒന്നിലേറെ കാരണ ഘടകങ്ങളാണ് . മനുഷ്യേച്ക്ഹ അതിലൊന്നാണ് . അതിനെയാകട്ടേ എപ്പോഴും ഏതെങ്കിലും സാമ്പത്തിക ചോദനയോടു നേരിട്ടു ബന്ധപ്പെടുത്താനും കഴിയില്ല.

ആറ്

പരിതസ്ഥിതിയെ സംബന്ധിക്കുന്ന ബോധത്തിൽ നിന്നുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആശയവല്ക്കരണം . എന്നാൽ രൂപപ്പെട്ടു കഴിഞ്ഞാൽ ആശയങ്ങൾ സ്വന്ത നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടു കൊണ്ട് സ്വയം നിലനില്ക്കും . ആശയങ്ങളുടെ ചലനാത്മകത സാമൂഹ്യ പരിണാമ പ്രക്രിയക്ക് സമാന്തരമായി പരസ്പരം സ്വാധീനിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്നു . എന്നാൽ, സമഗ്രമായ മനുഷ്യ പരിണാമ പ്രക്രിയയിൽ പ്രത്യേക ഘട്ടത്തിൽ ഒരിടത്തും ചരിത്ര സംഭവങ്ങൾക്കും ആശയപ്രസ്ഥാനങ്ങൾക്കും തമ്മിൽ നേരിട്ട് കാരണ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ സാധ്യമല്ല . (ആശയം എന്ന് ഇവിടെ പ്രയോഗിക്കുന്നത് പ്രത്യയശാസ്ത്രം അഥവാ ആശയപദ്ധതി എന്ന സാധാരണ തത്വചിന്താപരമായ അർത്ഥത്തിലാണ് .) . സാംസ്കാരിക രൂപമാതൃകകളും ധാർമ്മിക മൂല്യങ്ങളും സ്ഥാപിത സാമ്പത്തിക ബന്ധങ്ങളുടെ പ്രത്യയശാസ്ത്രപരമായ വെറും മേലെടുപ്പുകൾ മാത്രമല്ല. അവയും ചരിത്രപരമായി – ആശയങ്ങളുടെ ചരിത്രത്തിൻറെ യുക്തിയാൽ – നിർണ്ണയിക്കപ്പെട്ടവയാണ് .

ഏഴ്

സ്വാതന്ത്യത്തിന്റെ ഒരു പുതിയ ലോകം സൃഷ്ടിക്കാൻ സമുദായത്തിന്റെ സാമ്പത്തിക പുന:സംവിധാനത്തിനപ്പുറത്തേക്ക് വിപ്ലവം പോകണം. മർദ്ദിതരുടെയും ചൂഷിതരുടെയും വർഗ്ഗത്തിൻറെയും പേരിൽ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ഉല്പാദന ഉപകരണങ്ങളുടെ കാര്യത്തിൽ സ്വകാര്യ സ്വത്ത് നിരോധിക്കുകയും ചെയ്യുന്നത്തിൻറെ പിന്നാലെ അനിവാര്യമായും സ്വാതന്ത്ര്യം വരികയില്ല.

എട്ട്

കമ്മ്യൂണിസം അഥവാ സോഷ്യലിസം സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണെന്നു വിചാരിക്കാം; ഈ ലക്ഷ്യം നേടാൻ അതു് എത്ര മാത്രം ഉപയുക്തമാണെന്ന കാര്യം അനുഭവം കൊണ്ട് വിലയിരുത്തേണ്ടതാണ്. രക്തമാംസങ്ങളുള്ള മനുഷ്യനെ സാങ്കല്പികമായ ഒരു സമഷ്ട്യാഹംബോധത്തിനു് , അതു് രാഷ്ട്രമോ വർഗ്ഗമോ ആയിക്കൊള്ളട്ടെ , അടിമപ്പെടുത്തുന്ന രാഷ്ട്രീയ സമ്പ്രദായവും സാമ്പത്തിക പരീക്ഷണവും സ്വാതന്ത്ര്യം എന്ന ലക്ഷ്യം പ്രാപിക്കാൻ ഉതകുന്ന മാർഗ്ഗമാകാൻ സാദ്ധ്യതയില്ല. ഒരു വശത്ത് , സ്വാതന്ത്ര്യത്തിന്റെ നിഷേധം സ്വാതന്ത്ര്യത്തിലേക്ക്‌ നയിക്കും എന്നു വാദിക്കുന്നത് അസംബന്ധമാണ് ; മറുവശത്ത്, സാങ്കൽപ്പികമായ സമഷ്ട്യാഹംബോധത്തിന്റെ അൾത്താരയിൽ വ്യക്തിയെ ബലികഴിക്കുന്നത് സ്വാതന്ത്ര്യം അല്ല. വ്യക്തിയുടെ പരമാധികാരത്തെ അംഗീകരിക്കാതിരിക്കുകയും സ്വാതന്ത്ര്യം എന്ന ആദർശത്തെ പൊള്ളയായ അമൂർത്തവത്കരണമായി തള്ളിക്കളയുകയും ചെയ്യുന്ന ഏതു സാമൂഹ്യ ദർശനത്തിനും സാമൂഹ്യ പുനർനിർമ്മാണ പദ്ധതിയ്ക്കും പുരോഗമനപരവും വിപ്ലവപരവുമായ പ്രാധാന്യം വളരെ പരിമിതമായിരിക്കും.

ഒൻപത്‌

രാഷ്ട്രം സമൂഹത്തിൻറെ രാഷ്ട്രീയ സംഘടനയാകയാൽ അതു് കമ്മ്യൂണിസത്തിൽ കൊഴിഞ്ഞു പോകുമെന്ന് പറയുന്നത് അനുഭവത്തിൽ തകർന്നു പോകുന്ന ഒരു ഉട്ടോപ്യ ആണ്. സാമൂഹ്യവത്കരിക്കപ്പെട്ട വ്യവസായങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രിത സമ്പദ്ഘടന ശക്തമായ രാഷ്ട്രീയ യന്ത്ര സംവിധാനത്തെ സിദ്ധവത്കരിക്കുന്നു. ആ യന്ത്ര സംവിധാനത്തിന്മേലുള്ള ജനകീയ നിയന്ത്രണത്തിനു മാത്രമെ പുതിയ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം ഉറപ്പു നല്കാൻ കഴിയു. രാഷ്ട്രീയമായ ജനാധിപത്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻറെയും അടിസ്ഥാനമുണ്ടെങ്കിൽ ഉപയോഗത്തിനു വേണ്ടിയുള്ള ഉല്പാദനത്തിന്റെ ആസൂത്രണം സാദ്ധ്യമാണ്.

പത്ത്

രാഷ്ട്രത്തിൻറെ ഉടമസ്ഥതയും ആസൂത്രിത സമ്പദ്ഘടനയും കൊണ്ടു മാത്രം അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതു് അവസാനിക്കുകയില്ല. അതു് അനിവാര്യമായും സമ്പത്തിൻറെ തുല്യ വിതരണത്തിലേക്ക് നയിക്കുകയുമില്ല. സാമ്പത്തിക ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ അഭാവത്തിൽ അസാധ്യമാണ്. ആദ്യത്തേതിന്റെ അഭാവത്തിൽ രണ്ടാമത്തേത് അസാധ്യമായിരിക്കുന്നത് പോലെ ത്തന്നെ.

പതിനൊന്ന്

ഏകാധിപത്യം സ്വയം ശാശ്വതീകരിക്കാനുള്ള പ്രവണത കാണിക്കും. രാഷ്ട്രീയ സ്വേഛാധിപത്യത്തിൻ കീഴിലുള്ള ആസൂത്രിത സമ്പദ് ഘടന കാര്യക്ഷമതയുടെയും കൂട്ടായ യത്നത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒഴിവുകഴിവ് പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യത്തെ അവഗണിക്കുന്നു. തത്ഫലമായി ഇപ്പോൾ സങ്കല്പിക്കുന്നതു പോലുള്ള സോഷ്യലിസ്റ്റ് സമൂഹത്തിലെ ഉന്നത രൂപത്തിലുള്ള ജനാധിപത്യം അസാദ്ധ്യമായിത്തീരുന്നു. ഏകാധിപത്യം അതിൻറെ പ്രഖ്യാപിത ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു.

പന്ത്രണ്ട്

ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻറെ തകരാറുകൾ അനുഭവത്തിൽ വെളിപ്പെട്ടിട്ടുണ്ട്. അധികാരനിയോഗത്തിൽ നിന്നാണ്‌ അവ ഉണ്ടാകുന്നതു്. ജനാധിപത്യം ഫലപ്രദമാകണമെങ്കിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കണം. വല്ലപ്പോഴുമല്ല, അനുദിനം ജനങ്ങൾക്ക്‌ പരമാധികാരം പ്രയോഗിക്കാൻ വഴിയുണ്ടായിരിക്കണം. അണുപ്രായരായിത്തീർന്ന പൌരന്മാരായ വ്യക്തികൾ ഫലത്തിൽ മിക്കവാറും എല്ലായ്പ്പോഴും ദുർബലന്മാരായിരിക്കും. അവർക്ക് തങ്ങളുടെ പരമാധികാരം പ്രയോഗിക്കാനും രാഷ്ട്രയന്ത്രത്തെ സ്ഥിരമായി നിയന്ത്രിക്കാനും ഒരു മാർഗ്ഗവുമില്ല.

പതിമൂന്ന്

ഔപചാരിക പാർലമെന്ററി ജനാധിപത്യത്തിൻ കീഴിൽ ലിബറലിസം അയഥാർത് ഥീകരിക്കപ്പെടുകയോ അപഹാസ്യമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിനുള്ള നിയമപരമായ അനുവാദ പ്രമാണം മാത്രമാണ്‌ ലെയ്സെ ഫെയർ (laissez faire) സിദ്ധാന്തം. വ്യക്തിവാദത്തിൻറെ വിമോചനപരമായ സിദ്ധാന്തത്തെ സാമ്പത്തിക മനുഷ്യൻ എന്ന സങ്കൽപ്പം നിഷേധിക്കുന്നു. സാമ്പത്തിക മനുഷ്യൻ അടിമയോ അടിമയുടെ ഉടമയോ ആയിരുന്നേ പറ്റൂ. ഈ അധമ സങ്കൽപ്പത്തിൻറെ സ്ഥാനത്ത് വാസനാപരമായി യുക്തിബോധമുള്ളവനും യുക്തിബോധമുള്ളതിനാൽ ധാർമ്മികനുമായ ജീവി എന്ന യാഥാർത്ഥ്യം പ്രതിഷ് ഠിക്കപ്പെടണം. ധാർമ്മികത മനസ്സാക്ഷിയോടുള്ള നിവേദനമാണ് ; മനസ്സാക്ഷിയാകട്ടെ പരിത:സ്ഥിതിയെ ക്കുറിച്ചുള്ള വാസനാപരമായ ബോധവും അതിൻറെ നേരെയുള്ള പ്രതികരണവുമാണ് . ബോധത്തിന്റെ തലത്തിലുള്ള യാന്ത്രിക – രാസ വിശദീകരണ വിധേയമായ ജീവശാസ്ത്ര ധർമ്മമാണ് (mechanistic biological function on the level of consciousness) അതു് . അതുകൊണ്ട് അതു് യുക്തിപരവുമാണ്‌.

പതിന്നാല്

പാർലമെന്ററി ജനാധിപത്യത്തിനു പകരം വയ്ക്കേണ്ടത് എകാധിപത്യമല്ല. അധികാരമില്ലാത്ത അണുപ്രായരായ പൌരന്മാരുടെ ഔപചാരിക ജനാധിപത്യത്തിനു പകരം വരേണ്ടത് സംഘടിത ജനാധിപത്യമാണ്. രാജ്യമാസകലം വ്യാപിച്ചു കിടക്കുന്ന ജനകീയ സമിതികൾ രൂപം നല്കുന്ന സംഘടിത ജനാധിപത്യത്തിൻറെ അടിത്തറയിന്മേൽ പടുത്തുയർത്തിയ ഒരു പിരമിഡ് ശില്പം പോലെയുള്ള രാഷ്ട്രത്തിൻറെ മേലറ്റമായിരിക്കണം പാർലമെന്റ്. സമൂഹത്തിൻറെ രാഷ്ട്രീയ സംഘടന (ഭരണകൂടം ,the State) മുഴുവൻ സമുദായത്തോടും ഏകീഭവിക്കും. തൽഫലമായി രാഷ്ട്രം എല്ലായ്പോഴും ജനകീയ നിയന്ത്രണത്തിൽ ആയിരിക്കും.

പതിനഞ്ച്

വിപ്ലവാത്മകവും വിമോചന പരവുമായ ഒരു സാമൂഹ്യ ദർശനത്തിൻറെ ധർമ്മം മനുഷ്യനാണ് – ചിന്തിക്കുന്ന ജീവി എന്ന നിലയിൽ മനുഷ്യനാണ് – തൻറെ ലോകത്തിന്റെ നിർമ്മാതാവ് എന്ന ചരിത്രത്തിൻറെ അടിസ്ഥാന വസ്തുതയ്ക്ക് ഊന്നൽ കൊടുക്കുകയാണ് – വ്യക്തി എന്ന നിലയിൽ മാത്രമാണ് മനുഷ്യന് അത് സാധിക്കുക. മസ്തിഷ്ക്കം ഒരു ഉല്പാദനോപകരണമാണ് ; ഏറ്റവും വിപ്ലവകരമായ ചരക്കാണ് അതു് ഉല്പാദിപ്പിക്കുന്നത്. വിഗ്രഹഭജ്ഞകമായ ആശയങ്ങൾ ഉണ്ടായിരുന്നാലേ വിപ്ലവങ്ങൾ സാദ്ധ്യമാകൂ. തങ്ങളുടെ സർഗ്ഗശക്തിയെക്കുറിച്ച് ബോധമുള്ള, ലോകത്തെ പുനർനിർമ്മാണം ചെയ്യാനുള്ള ഇച്ഛയാൽ ത്വരിക്കുന്ന, ആശയങ്ങളുടെ സാഹസികതയാൽ വികാരം കൊള്ളുന്ന, സ്വതന്ത്രരായ മനുഷ്യരുടെ സ്വതന്ത്ര സമുദായം എന്ന ആദർശത്താൽ ജ്വലിക്കുന്ന വ്യക്തികൾ എണ്ണത്തിൽ വർദ്ധിച്ചാൽ അവർക്ക് ജനാധിപത്യം സാദ്ധ്യമാകുന്ന അവസ്ഥ സൃഷ് ടിക്കാൻ കഴിയും.

പതിനാറ്

സാമൂഹ്യപുരോഗതിയുടെ അടിസ്ഥാന തത്ത്വങ്ങൾ വീണ്ടും ഉറപ്പിക്കുന്ന തരത്തിലായിരിക്കണം സാമൂഹ്യ വിപ്ലവത്തിന്റെ രീതിയും പരിപാടിയും. സ്വാതന്ത്ര്യത്തിൻറെയും യുക്തിപൂർവമായ സഹകരണാത്മക ജീവിതത്തിൻറെ യും തത്ത്വങ്ങളെ സംബന്ധിച്ച് ജനങ്ങളെ ഉറച്ച തീരുമാനത്തോടെ വിശാലമായി വിദ്യാഭ്യാസം ചെയ്യിക്കാനുള്ള യത്നത്തിലൂടെ മാത്രമെ സാമൂഹ്യ നവോത്ഥാനം സംജാതമാവുകയുള്ളു. വിപ്ലവാനന്തര വ്യവസ്ഥിതിയുടെ സാമൂഹ്യ രാഷ്ട്രീയാടിത്തറ കെട്ടിപ്പടുക്കാൻ കഴിവുള്ള ജനകീയ സംഘങ്ങളായി ജനങ്ങൾ സംഘടിക്കപ്പെടും. സാമൂഹ്യ വിപ്ലവത്തിന്‌ പുതിയ നവോത്ഥാനത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ ധാരാളമായി ഉണ്ടാകണം; വേഗത്തിൽ പരക്കുന്ന ജനകീയ സമിതികളും ഉണ്ടാകണം. അവയെ ജീവത്തായി ഏകോപിപ്പിക്കുകയും വേണം. അതുപോലെത്തന്നെ വിപ്ലവ പരിപാടി സ്വാതന്ത്ര്യത്തിലും യുക്തിയിലും സാമൂഹ്യ രഞ്ജനത്തിലും അധിഷ്ഠിതമായിരിക്കും.സാമൂഹ്യ ജീവിതത്തിൻറെ എല്ലാ ചട്ടങ്ങളിലും നിന്നു് ഏതു രൂപത്തിലുള്ള കുത്തകയെയും സ്ഥാപിത താല്പര്യത്തെയും ഒഴിവാക്കുക എന്നതാണ് ഇതിൻറെ അർത്ഥം.

( തുടരും )

( ഭാഷാന്തരം : പ്രൊഫ . തോമസ്‌ മാത്യു )

Posted in നവോത്ഥാനം, മാനവികത | Tagged , , , , | ഒരു അഭിപ്രായം ഇടൂ

ഈ രാജകുമാരിമാരെ രക്ഷിക്കുവാൻ സഹായിക്കുക

കഴിഞ്ഞ പതിമൂന്നു വർഷമായി സഊദി അറേബ്യയിലെ ജിദ്ദയിൽ രാജകൊട്ടാരത്തിൻറെ അനുബന്ധ കെട്ടിടത്തിൽ നാല് രാജകുമാരിമാർ വീട്ടു തടങ്കലിലാണ്. അബ്ദുല്ല രാജാവിൻറെ സ്വന്തം പെണ്‍മക്കളാണ് ഇങ്ങനെ പുറംലോകവുമായി ബന്ധപ്പെടാൻ പ്രയാസകരമായ ഒരു സാഹചര്യത്തിൽ നിർബന്ദ്ധിത തടങ്കലിൽ ദീർഘകാലമായി കഷ്ടപ്പെടുന്നത്‌. രാജാവിന്റെ അനുമതി മാത്രമല്ല അവരുടെ അർദ്ധ സഹോദരന്മാരായ മിതാബ് (സഊദി നാഷണൽ ഗാർഡിന്റെ വകുപ്പു മന്ത്രി), അബ്ദുൽ അസീസ് (വിദേശകാര്യ ഉപമന്ത്രി) എന്നിവരുടെ ശക്തമായ നിലപാടുകളും ഈ ദുഷ്ക്കർമ്മത്തിനു പിന്നിലുണ്ട്. മൂത്ത സഹോദരി സഹറിന് നാൽപ്പത്തി രണ്ടു വയസ്സ് പ്രായമുണ്ട്. ഈ പെണ്മക്കളെ പഠിക്കാനോ, ജോലി ചെയ്യാനോ, കുടുംബ ജീവിതത്തിനോ അമ്മയെക്കാണാൻ യാത്ര ചെയ്യാനോ അനുവദിക്കുന്നില; അവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ക്രൂരമായ അടിച്ചമർത്തൽ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മുഴുവൻ സമയവും നിരീക്ഷണത്തിൽ കഴിയുന്ന അവർക്ക് ശരിയായ വൈദ്യ ശുശ്രൂഷ പോലും സാദ്ധ്യമാകില്ല.

അവരുടെ മാതാവ് അലനൂദ് അൽഫായിസ് ന് അൻപത്തേഴു വയസ്സു പ്രായമുണ്ട് ; രാജാവിനു എണ്‍പത്തൊൻപതും. ജോർഡാൻകാരിയായ അവർക്ക് ഒരു മകൻ ഉണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ അപ്രിയത്തിനു ഹേതുവാണെന്നു കരുതപ്പെടുന്നു. 1980 ൽ അവർ വിവാഹ മോചിതയാകുകയും 2001 ൽ ലണ്ടനിലേക്ക് രക്ഷപ്പെടുകയും ചെയ്തു. രാജ്യത്തു നിലവിലുണ്ടായിരുന്ന ദാരിദ്ര്യം, അനീതികൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പിതാവിനോട് നടത്തിയ വിമർശനങ്ങളും ചില കാര്യങ്ങളിൽ ഉണ്ടായ ഇടപെടലുകളും രാജകുമാരിമാർക്കെതിരായ അമർഷത്തിനു നിദാനമാണെന്നു വിദേശത്തുള്ള അവരുടെ അനുഭാവികൾ വ്യക്തമാക്കുന്നു.

ഹല, മഹ എന്നീ രണ്ടു രാജകുമാരിമാരുടെ സ്ഥിതി എന്താണെന്ന് ആർക്കും അറിയില്ല. ജവഹർ (38) മൂത്ത സഹോദരിയോടൊപ്പമാണ്. രണ്ടു മാസത്തിൽ ഒരു തവണ വീതം സുരക്ഷാ അകമ്പടിയോടെ സാധനങ്ങൾ വാങ്ങുന്നതിനു പുറത്തു പോകാൻ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ അവരുടെ അവസ്ഥയെ പറ്റി വിദേശ മാധ്യമങ്ങൾക്ക് വിവരം നല്കി എന്ന കാരണത്താൽ 2014 മാർച് മദ്ധ്യ ത്തിനു ശേഷം അവരെ പുറത്തു പോകാനോ മറ്റാരെയെങ്കിലും ഭക്ഷണമോ വെള്ളമോ അവർക്ക് എത്തിച്ചു കൊടുക്കാനോ അനുവദിക്കുന്നില്ല. ദു:സ്സഹമായ ജീവിത സാഹചര്യത്തിൽ അവർ അകാല മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

പ്രസ്തുത വിവരങ്ങളെല്ലാം ഈയ്യിടെ വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും മാത്രമല്ല ബ്രിട്ടീഷ്‌ പാർലമെന്റ്, ഐക്യ രാഷ്ട്ര സഭ യുടെ മനുഷ്യാവകാശ സമിതി തുടങ്ങിയ ഉന്നത പ്രതിനിധി സഭകളിൽ പോലും സഗൌരവം ചർച്ച ചെയ്യപ്പെടുകയുണ്ടായി. സഊദി രാജാവും ശിങ്കിടികളും അതൊന്നും ചെവിക്കൊള്ളാൻ ഒട്ടും തയ്യാറല്ല. ഈ സാഹചര്യത്തിൽ, മനുഷ്യാവകാശങ്ങളോട് താല്പര്യവും ആദരവും ഉള്ള ലോകമെങ്ങുമുള്ള മുഴുവൻ മനുഷ്യസ്നേഹികളെയും രാജകുമാരിമാരുടെ മോചനത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കാനും ലോക രാജ്യങ്ങളുടെ ഭരണാധികാരികളെ ഈ വിഷയത്തിൽ ഇടപെടുവിക്കാനും ഉദ്ദേശിച്ചുകൊണ്ടു ഒരു ഒപ്പ് സമാഹരണ പത്രിക ( ഇ – പെറ്റിഷൻ ) ആരംഭിച്ചിരിക്കുകയാണ്. ഫ്രഞ്ച് ഭാഷയിൽ ആദ്യം പുറത്ത് വന്ന ഇത്‌ സ്പാനിഷ് ഭാഷയ്ക്ക് പുറമെ ഈയിടെ ഇംഗ് ളീഷ് ഭാഷയിലും ലഭ്യമാക്കിയിരിക്കുന്നു.

ദയവായി ഇംഗ്ളീഷിലുള്ള ഈ പെറ്റിഷനിൽ ഒപ്പ് വെച്ചും വിവരം സുഹൃത്തുക്കൾക്കും സഹകരിപ്പിക്കേണ്ട മുഴുവൻ ആളുകളിലേക്കും എത്തിച്ചും പ്രസ്തുത സംരംഭം വിജയിപ്പിക്കണമെന്നു അഭ്യർത്ഥിക്കുകയാണ്.

സഹകരണത്തിനു മുൻകൂറായി നന്ദി പ്രകാശിപ്പിക്കുന്നു.

Posted in നവോത്ഥാനം, മാനവികത | Tagged , , , | ഒരു അഭിപ്രായം ഇടൂ

മാനവികത

മാനവികത എന്ന പദം വ്യാപകമായ ദുരുപയോഗത്തിന് വിധേയമായിരിക്കുന്നു. ദുരുപയോഗത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് സമഗ്രാധിപത്യസിദ്ധാന്തം + മനുഷ്യസ്നേഹപരത = മാനവികത എന്ന അസംബന്ധം. അജ്ഞത കൊണ്ട് മാത്രമല്ല ഇത്തരം നവനിർമിതികൾ സംഭവിക്കുന്നത്‌. ഉത്തരവാദിത്വബോധമില്ലാത്ത സാമൂഹ്യ പ്രവർത്തനത്തിൽ നിന്നു പോലും ഈ വിധത്തിലുള്ള ശ്രമങ്ങൾ ദൃശ്യമാകുന്നു!

യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കാൻ ശ്രമിക്കാത്തതോ , കഴിയാതെ പോകുന്നതോ ഒരു പക്ഷെ ഇത്തരം ഒരു സ്ഥിതിവിശേഷം നിലനിർത്തുന്നുണ്ടാകാം. എങ്കിലും ഈ ആശയത്തെ അതിൻറെ ചരിത്രപരതയിൽ പരിശോധിക്കാൻ ഇവിടെ മുതിരുന്നില്ല. ഈ പദം എടുത്തു പെരുമാറുന്ന സ്ഥാപിത ശക്തികളുടെ പ്രത്യയശാസ്ത്രങ്ങളിലെ നല്ല ഘടകങ്ങളിൽ പലതും ഉൾക്കൊള്ളുന്നു എന്നതുകൊണ്ട്‌, വിശാലമായ ഒരു പരിസരം ഇതിന്റെ പ്രയോഗ പശ്ചാത്തലമായുണ്ട്‌ എന്ന് അംഗീകരിച്ചാലും തനതായ ഒരു നിരീക്ഷണ സ്ഥാനത്തെ ഈ ആശയം പ്രതിനിധാനം ചെയ്യുന്നു എന്ന വസ്തുത ഊന്നിപ്പറയേണ്ട ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.
മാനവികത എന്ന ആശയത്തെ എങ്ങനെ നിർവ്വചിക്കാം എന്ന പരിഗണനയാണ് ഈ ലഘു ലേഖനത്തിനു പ്രേരണ.

ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ് എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ദൈവം, ബ്രഹ്മം, കേവല ആശയം എന്നിവയ്ക് പരമ പ്രാധാന്യം കൽപ്പിക്കുന്ന നിലപാടുകളെ നിരാകരിക്കുന്ന ഒരു സമീപനം. പ്രപഞ്ചം, ചരാചരങ്ങൾ, വ്യക്തികൾ തുടങ്ങിയവയ്ക്കാണ് യഥാർത്ഥത്തിൽ അസ്തിത്വമുള്ളത്. ആശയങ്ങൾ ഈ പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യവ്യക്തികളുടെ മനസ്സിൽ രൂപീകരിക്കപ്പെടുന്നതാണ്. അതിനാൽ, മനുഷ്യനേക്കാൾ പ്രാധാന്യം ആശയങ്ങൾക്ക് കൈവരികയെന്നതു കേവലം അസംബന്ധമാണ്.
പ്രപഞ്ചത്തെ വസ്തുനിഷ്ഠ യാഥാർത്ഥ്യം ആയി അംഗീകരിക്കുന്നുവെങ്കിലും അതിൻറെ ഗതിയിൽ ഒഴുകിപ്പോകുക മാത്രം സാധ്യമായ വെറും പൊങ്ങുതടിയുടെ നിസ്സാരതയല്ല മനുഷ്യവ്യക്തി. അതുവരെ ഉണ്ടായിരുന്ന ഗതിക്രമത്തിൽ സ്വന്തം ഇച് ഛയ്ക്കനുസരിച്ച് ഇടപെടാനും ആ ഇടപെടലിന് സൃഷ്ടിക്കാവുന്ന പരിധിക്കുള്ളിൽ മാററം വരുത്താനും അവനു ശേഷിയുണ്ട്. ഈ മാററം എങ്ങനെയായിരിക്കണം എന്ന് ഭാവനയുടെ സഹായത്തോടെ ആസൂത്രണം ചെയ്യാനും മനുഷ്യവ്യക്തിക്ക് ശേഷിയുണ്ട്. ഈ വ്യത്യസ്ഥത മനുഷ്യനെ മനുഷ്യനല്ലാത്തതിൽ നിന്നെല്ലാം ഗണനീയമായി വേർതിരിക്കുന്നു.

മനുഷ്യൻ എന്ന പൊതുവായ ഒരു സംജ്ഞ സാധ്യമാണെങ്കിലും മനുഷ്യർ ജീവിക്കുന്നത് വ്യക്തികൾ എന്ന നിലയ്ക്കാണ്. വ്യക്തികൾ ചേർന്നാണ് സമൂഹം ഉണ്ടാകുന്നത്. ഓരോ മനുഷ്യനും സ്വന്തമായി വ്യക്തിത്വം ഉണ്ട്. ഈ വസ്തുത പരിഗണിക്കാതെ വർഗങ്ങളെക്കുറിച്ചും ദേശീയതകളെക്കുറിച്ചും സമുദായങ്ങളെക്കുറിച്ചും അങ്ങനെ ഏതെല്ലാം സമഷ്ടിരൂപങ്ങൾ സങ്കൽപ്പിക്കാമോ അവയെക്കുറിച്ചെല്ലാം എത്ര നവീന സിദ്ധാന്തങ്ങൾ രൂപീകരിച്ചാലും ജീവിതം അനുഭവിക്കുന്നത് വ്യക്തികളാണ്.

ദൈവങ്ങൾക്ക് പണ്ട് നല്കിയിരുന്ന മഹത്വങ്ങളിൽ ചിലത് പെരുപ്പിച്ചുള്ള സങ്കല്പങ്ങൾ ആയിരുന്നിരിക്കാം. എന്നാൽ, മനുഷ്യപ്രാപ്തമായ മഹത്വമെല്ലാം ദൈവങ്ങളിൽ നിന്നും തിരിച്ചെടുത്ത് മനുഷ്യന് തന്നെ ഏൽപ്പിക്കുകയാണ് മാനവികതാപ്രസ്ഥാനം ചെയ്യുന്നത്. ഭൌതികാതീതമെന്ന് അറിയപ്പെടുകയോ കരുതപ്പെടുകയോ ചെയ്യുന്ന എല്ലാറ്റിനേക്കാളും പ്രാധാന്യം മനുഷ്യന് തന്നെ എന്ന പ്രഖ്യാപനം ദൃഢമായി മാനവികതാവാദം ഉയർത്തുന്നു.

വ്യക്തിയെ നിസ്സാരവൽക്കരിക്കുകയും സമഷ്ടിരൂപങ്ങളെയും അവ്യാഖ്യേയ ആദിരൂപങ്ങളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾക്ക് പ്രാമുഖ്യം നല്കുകയും ചെയ്യുന്ന സകല സംരംഭങ്ങളെയും മാനവികത നിരാകരിക്കുന്നു.
മനുഷ്യവ്യക്തിക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുന്നിടത്ത് പ്രതികരിക്കാനുള്ള ശേഷിയും ഉണ്ട്. എന്നാൽ, പല കാരണങ്ങളാൽ സ്വന്തം സ്വാതന്ത്ര്യത്തിന്റെ സാധ്യതയും അനിവാര്യതയും തിരിച്ചറിയാൻ കഴിയാത്തതിനാൽ, തിരിച്ചരിവ് അതിന്റെ പൂർണ്ണ വളർച്ചയെത്തിയ സ്വാതന്ത്ര്യബോധമായി പരിണമിക്കാത്തതിനാൽ മനുഷ്യരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തിന്റെ ശ്രേഷ്ഠത ബോധ്യപ്പെട്ടിട്ടില്ലാത്തവരാണ്.

യുക്തിബോധം പ്രയോഗിക്കാതെ ഒരു വ്യക്തിക്കും താൻ ആരാണെന്നും ജീവിതത്തിന്റെ സമഗ്രതയെന്താണെന്നും മനസ്സിലാക്കാനാവില്ല. ഈ യുക്തിബോധം പ്രയോജനപ്പെടുത്താനുള്ള ശേഷി മനുഷ്യനുണ്ട്‌ എന്ന വസ്തുത തന്നെയാണ് മറ്റു മൃഗങ്ങളിൽ നിന്നും സചേതന പ്രപഞ്ചത്തിൽ നിന്നും ഒക്കെ ഉയർന്നു നില്ക്കുന്ന ഒരു ഉണ്മയായി മനുഷ്യവ്യക്തിയെ മാനവികതാവാദികൾ ഉയർത്തിക്കാട്ടുന്നതിന്റെ അടിസ്ഥാനം. സമാന ജീവിത സാഹചര്യങ്ങളിൽ ഒരേ അനുഭവം വിവിധ വ്യക്തികളിൽ വ്യത്യസ്ഥമായ ആശയങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടനല്കുന്നു എന്ന് നമുക്കറിയാം. ചിന്താപ്രക്രിയ ഒരു കൂട്ടം വ്യക്തികളിൽ ഒരേ സമയം എന്ന വിധത്തിലല്ല, വ്യക്തികൾ ഓരോരുത്തരുടെയും മനസ്സിൽ വൈവിധ്യത്തോടെ എന്ന അവസ്ഥയിലാണ് നടക്കുന്നത്.

ശേഷിയുണ്ട് എന്നത്കൊണ്ട് മാത്രം എല്ലാ വ്യക്തികളും ഈ ശേഷി വേണ്ടവിധം പ്രയോഗിക്കുന്നുണ്ടെന്നോ, പ്രയോജനപ്പെടുത്തുന്നുണ്ടെന്നോ അർത്ഥമില്ല. താൻ അംഗമായിരിക്കുന്ന സമൂഹത്തെ മാറ്റിത്തീർക്കാൻ തന്റെ യുക്തിബോധം പ്രയോഗിക്കാം എന്ന അറിവ് നിശ്ചയമായും വ്യക്തിയെ കരുത്തനാക്കുന്നു. താൻ നിസ്സഹായനാണ് എന്ന തെറ്റായ ബോധം നീങ്ങിക്കിട്ടണമെങ്കിൽ തന്നിൽ ഉറങ്ങിക്കിടക്കുന്ന യുക്തിബോധത്തെ തട്ടി ഉണർത്തുക തന്നെ വേണം. താൻ ഭാഗമായിരിക്കുന്ന ഈ പ്രപഞ്ചത്തിലെ കാരണ ശൃങ്ഖലകളിൽ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു് താൻ തെരഞ്ഞെടുക്കുന്ന രീതിയിൽ ഇടപെടാൻ കഴിയുന്നു എന്നത് അപാരമായ സാധ്യതകൾ ഉൾകൊള്ളുന്ന വ്യതിയാനമല്ലെ? ഭൌതിക പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും പരിണാമം അവയുടെ കാരണ ഘടകങ്ങൾ നൽകുന്ന നിർണ്ണീതതയിലൂടെ മനസ്സിലാക്കാം. ജീവിവർഗ്ഗങ്ങളുടെ പരിണാമ ചരിത്രത്തിന്‌ ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ കഴിയുന്നതും ഇങ്ങനെയാണ്. കാര്യകാരണബന്ധങ്ങൾ സൃഷ്ടിക്കുന്ന സംഭവശൃങ്ഖലയിൽ മനുഷ്യവംശം ഒരു പുതിയ കടന്നുകയറ്റം നടത്തിയിരിക്കുന്നു. തങ്ങളുടെ ഇച്ഛാനുസാരമുള്ള പ്രവർത്തനത്തിന്റെയും പ്രവർത്തന രാഹിത്യത്തിന്റെയും ഒരു പുതിയ ഘടകം. ഇതോടെ പ്രപഞ്ചത്തിന്റെ ഗതിക്രമത്തിൽ പരിമിതമായിട്ടാണെങ്കിലും മാറ്റം വരുത്താനുള്ള അനന്ത സാധ്യതകളാണ് ഉളവാകുന്നത്.

തൻറെ സാന്നിധ്യത്തെക്കുറിച്ചും തൻറെ ഗതിവിഗതികളെക്കുറിച്ചും ബോധവാനാണ് മനുഷ്യൻ. ഭൌതിക പരിതസ്ഥിതികൾ പരിശോധിക്കാനും ഓരോ യാഥാർത് ഥ്യത്തേയും വിശകലനം ചെയ്തു പഠിക്കാനും ചിന്തയിലൂടെ ഭൂതകാലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുകൊണ്ട് തൻറെ ഇന്ദ്രിയങ്ങളൊ താൻ തന്നെയോ ഇല്ലാതിരുന്ന, അഥവാ, ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലാത്ത സാഹചര്യത്തെക്കുറിച്ചുപോലും ധാരണ നേടാൻ കഴിവുള്ളവനാണ്‌ മനുഷ്യൻ. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ മനുഷ്യനെക്കുറിച്ച് പൂർവ്വാധികം വ്യക്തത നാം നേടിക്കൊണ്ടിരിക്കുന്നു.

ചുറ്റുപാടുകളെ ക്കുറിച്ച് വ്യക്തത നേടുന്നതിന്റെ ഫലമായി താൻ എന്തു തീരുമാനം കൈക്കൊള്ളണം എന്ന കാര്യത്തിൽ മനുഷ്യനു സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള സാധ്യതയും ലഭിയ്ക്കുന്നു. ദൈവങ്ങൾക്കു കൽപ്പിച്ചു നല്കിയ പല ശേഷിയും മനുഷ്യനു സഹജമായുള്ളതാണെന്നു കണ്ടെത്താൻ കഴിയും. ചിലതാകട്ടെ, തൻറെ പരിമിതികളും സ്വപ്നങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ മറികടക്കാൻ ഭാവനയിൽ വിരിയിച്ചെടുത്തതുമാണ്. മനുഷ്യന് സഹജമായുള്ള ശേഷികളെ അവനും, സമൂഹത്തിനും, പ്രകൃതിക്കും ഉപകാരമാകും വിധം വളർത്തിയെടുക്കേണ്ടതും വികസിപ്പിക്കാവുന്നതുമാണ്.

തന്നെക്കുറിച്ച് തന്നെയും വ്യക്തി ബോധവാനാണ്. തന്നെക്കുറിച്ചു മനസ്സിലാക്കുന്നത്തിലൂടെ തന്നെത്തന്നെ മാറ്റിത്തീർക്കാനും വ്യക്തിക്ക് കഴിയും. ഇങ്ങനെ വ്യക്തികൾക്ക് തങ്ങളെത്തന്നെ മാറ്റിത്തീർക്കാൻ കഴിയും എന്നതിനാലാണ് സാമൂഹ്യമായ മാറ്റങ്ങൾ സാധിക്കുന്നത്. അതിനാൽ, സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതും പരിശോധിക്കേണ്ടതും ഓരോ വ്യക്തിക്കും എന്തുമാത്രം നേട്ടങ്ങൾ ഉണ്ടാക്കി, പുരോഗതി ഓരോ വ്യക്തിയേയും എങ്ങനെ ബാധിക്കുന്നു എന്ന നിദാനത്തിൽ ആയിരിക്കണം. ഓരോ വ്യക്തിയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട സ്വന്തം ജീവിതത്തിൽ, മുമ്പുണ്ടായിരുന്നത്തിൽ നിന്നും കൂടുതൽ തൃപ്തികരമായ എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നതായിരിക്കണം പുരോഗതിയെക്കുറിച്ച് സംസാരിക്കുമ്പോൾ മാനവികതാവാദിയുടെ മാനദണ്ഡം. സ്ഥിതിവിവരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വളർച്ചയുടെ ജലനിരപ്പ്‌ ഉയർന്നു വരുന്നതായി പ്രചരിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. ഏതു സമൂഹത്തിന്റെ സ്ഥിതിവിവരമാണോ ശേഖരിച്ചത് അതിലെ വ്യക്തികൾ മുങ്ങിത്താണ് ശാസംമുട്ടിക്കൊണ്ടിരിക്കെ അത്തരം ഒരൊഴുക്കിനെ പുരോഗതിയായി പരിഗണിക്കാൻ നമുക്കു കഴിയില്ല. താൻ ഉൾക്കൊള്ളുന്ന പ്രപഞ്ചം അനാദിയും അനന്തവും ആണെന്ന് മാനവികതാവാദി തിരിച്ചറിയുന്നു. പ്രപഞ്ചത്തിൽ ലീനമായ ഒരു താളക്രമമുണ്ട്. തൊട്ടുമുമ്പ് സംഭവിച്ചുപോയതിന്റെയെല്ലാം തുടർച്ചയായിട്ടാണ് വർത്തമാന സംഭവങ്ങളെ മനസ്സിലാക്കാൻ കഴിയുക. വർത്തമാന സംഭവങ്ങളുടെ തുടർച്ചയായി മാത്രമെ സമീപ ഭാവിയിലെ സംഭവ വികാസങ്ങളെ അർത്ഥബോധത്തോടെ മനസ്സിലാക്കാനാകൂ. കാര്യകാരണബന്ധങ്ങളുടെ ഈ ചങ്ങലക്കണ്ണികൾ പിറകിലേക്ക് പിറകിലേക്ക് അന്വേഷിച്ചു ചെല്ലാനും കണ്ടെത്താനും കഴിയും. എന്നാൽ ഭാവിസംഭവങ്ങളെ കുറിച്ച് കൈവശമുള്ള വസ്തുതകൾ മാത്രം വെച്ചു പ്രവചനങ്ങൾ നടത്താൻ ശ്രമിക്കാം എന്നല്ലാതെ എപ്പോഴും ഇന്നതേ നടക്കൂ എന്ന് വാശി പിടിച്ചതു കൊണ്ടു പ്രയോജനമുണ്ടാകില്ല. കാര്യ കാരണ ബന്ധങ്ങളുടെ അനന്ത ശ്റ് ങ്ഖലകൾ അനന്തമായ രീതികളിൽ കൂടിച്ചേരുകയും വേർപിരിയുകയും ചെയ്യാം. ഇങ്ങനെ അവിചാരിതമായി വന്നു ഭവിക്കുന്നതൊക്കെ വിധി എന്നൊ ഏതെങ്കിലും ഒരു പ്രപഞ്ചാതീത ശക്തിയുടെ ഇച്ഛയെന്നോ വ്യവഹരിക്കുന്നത് ദാർശനികത അശാസ്ത്രീയമാകുമ്പോഴാണ്.

ഈ പ്രപഞ്ചത്തിൽ ആകമാനം ഒരു താളക്രമം കണ്ടെത്താൻ കഴിഞ്ഞിൽലെങ്കിൽ ശാസ്ത്രാന്വേഷണം വഴിമുട്ടും. മൂലഘടകങ്ങളെ കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും അടക്കമുള്ള വിജ്ഞാനം സാധ്യമാകുന്നത് അവയെല്ലാം ചില ക്രമങ്ങൾ പ്രകടിപ്പിക്കുന്നു എന്നതു കൊണ്ടാണ്. ഈ സ്വഭാവം പ്രപഞ്ചത്തിൻറെ ക്രമനിബദ്ധതയെ കുറിച്ച് നമുക്ക് ഒരു ബോധം തരുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഈ താളക്രമം തന്നെയാണ് വേറെ ഒരുവിധത്തിൽ പറഞ്ഞാൽ മനുഷ്യ മനസ്സിൻറെ ആശയരൂപീകരണ സാധ്യതകളിലും പ്രതിഫലിക്കുന്നത്‌. സത്യം, ദയ, സ്വാതന്ത്ര്യം മുതലായ മൂല്യങ്ങൾ ജീവശാസ്ത്രപരമായി അടിസ്ഥാനമുള്ള ആശയങ്ങളാണ്. ശാസ്ത്രബോധം സാദ്ധ്യമാകുന്നതും ക്രമനിബദ്ധമായ പ്രപഞ്ചത്തിന്റെ ഭാഗമാണ് മനുഷ്യൻ എന്ന ഭൌതിക യാഥാർത്ഥ്യത്തിൽ നിന്നാണ്‌.

പ്രപഞ്ചവും വ്യക്തിയും തമ്മിൽ ഈ വീക്ഷണത്തിൽ വൈരുദ്ധ്യത്തിന്റെ മാത്രമായ ഒരു ബന്ധമല്ല. വ്യക്തിയും വ്യക്തിയും തമ്മിൽ സമാന സ്വഭാവങ്ങളാണ് ഏറെയുള്ളത്. അതിനാൽ, ആശയ വിനിമയവും സഹകരണാത്മക ജീവിതവും സാധ്യമാണ്. ഈ പ്രപഞ്ചത്തിന്റെ നിസ്സാരമായ ഒരു ഭാഗമാണ് മനുഷ്യൻ എന്നത് വസ്തുത തന്നെ. അപ്പോഴും പ്രപഞ്ചത്തെ തന്നിൽ നിന്നും അന്യമായി പരിഗണിച്ചു അതിൻറെ സ്വഭാവം പഠിക്കാനും ശാസ്ത്ര ധാരണകൾ രൂപീകരിക്കാനും മനുഷ്യനു കഴിയുന്നു. അതുപോലെത്തന്നെ തൻറെ ശരീരത്തിൻറെ ഒരു ഭാഗമായ മനസ്സിനെ പ്രവർത്തിപ്പിക്കുന്നതിലൂടെ തന്നെത്തന്നെ മാറ്റി നിർത്തി തന്നെ കുറിച്ച് ചിന്തിക്കാനും താൻ ആരാണ്, താനും പ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, തൻറെ മനസ്സും തന്റെ അസ്തിത്വവും തൻറെ ജീവി വർഗത്തിന്റെ പരിണാമവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും പഠിക്കാനും ചിന്തിക്കാനും മനുഷ്യന് കഴിയുന്നു.

ഏതോ പൈശാചിക ശക്തിയുടെ ലീലയിൽ നിന്നും ജന്മം കൊള്ളുകയും ശപ്തമായ ഒരു ജീവിതം ഒടുക്കുകയും നിത്യനരകത്തിന്റെ ശാശ്വത ഭീകരതയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ദയനീയതയുടെ ചിത്രമല്ല, മറിച്ചു തന്നിൽ ഉറങ്ങി കിടക്കുന്ന ശേഷി തിരിച്ചറിയുകയും, തന്നിലും അന്യരിലും ഈ പ്രപഞ്ചത്തിൽത്തന്നെയും മാറ്റം വരുത്താൻ പ്രാപ്തമാക്കുകയും ചെയ്യത്തക്ക വിധം ശക്തിയുടെയും ചൈതന്യത്തിന്റെയും യാഥാർത്ഥ്യബോധമാണ് മാനവികതാവാദത്തിനു പകർന്നു നല്കുവാനുള്ളത്.

Posted in മാനവികത | Tagged , , , | ഒരു അഭിപ്രായം ഇടൂ

സത്യവിശ്വാസികൾ ആരാണ് ?

വ്യക്തികൾ എന്ന നിലയിൽ സമൂഹവുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളിൽ പലരും വളരെയേറെ അബദ്ധ ധാരണകൾക്ക് വിധേയരാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തെറ്റു ധാരണ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈശ്വര വിശ്വാസികളാണെന്നതാണ്. വാസ്തവത്തിൽ, വിചിത്രമായ ഒരവസ്ഥയിലാണ് ആളുകളിൽ ബഹുഭൂരിപക്ഷവും.

പലരും കരുതുന്നത് താഴെ പറയും പ്രകാരമാണ് :

“ജനങ്ങളെല്ലാം ദൈവവിശ്വാസികളാണ്. ഞാൻ മാത്രം ദൈവത്തിലും മത കാര്യങ്ങളിലും സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് എന്തോ കുഴപ്പമുണ്ടായിരിക്കണം.”

എന്നാൽ എന്താണ് യാഥാർത്ഥ്യം?

വിശ്വാസമില്ലായ്മ ഒരു കുഴപ്പമേ അല്ല.

സംശയിക്കുന്നതും ചോദ്യം ചെയ്യുന്നതും മനുഷ്യൻറെ സഹജ സ്വഭാവമാണ്.

തന്നെപ്പോലെ തന്നെ അന്യരും ഇതേ സംശയങ്ങൾ വച്ചു് പുലർത്തുന്നു എന്ന് മിക്ക ആളുകളും മനസ്സിലാക്കുന്നില്ല. ആളുകൾ കൂടുന്നിടത്ത് ചെല്ലുമ്പോൾ മറ്റുള്ളവരേക്കാൾ എന്തുകൊണ്ടോ മോശക്കാരനാണ് താൻ എന്ന ഒരു തോന്നലാകും പലർക്കും. അതുകൊണ്ടുതന്നെ ഭക്തികാര്യങ്ങളിൽ തൻറെ ‘വിപരീത ബുദ്ധി’ അന്യർ അറിയരുതെന്ന കരുതലോടെ മറ്റുള്ളവർക്കിടയിൽ മോശക്കാരനാണെന്ന് ചിത്രീകരിക്കപ്പെടാതിരിക്കാൻ ചിലർ വലിയ ഭക്തന്മാരായി അഭിനയിക്കുകയും ചെയ്യും!

പലേടത്തുനിന്നും കേട്ടു പഠിച്ചതല്ലാതെ ദൈവത്തെക്കുറിച്ച് ആർക്ക് എന്തറിയാം?

ദൈവം ഉണ്ടെന്നു തങ്ങള്ക്ക് ഉറപ്പാണ് എന്ന് ആരെങ്കിലും ശക്തമായി പറയുന്നുണ്ടെങ്കിൽ അവരെ സ്വന്തം വിഭ്രാന്തിയിൽ തുടരാൻ വിടുക.

ഭണ്ഡാരങ്ങളിൽ കയ്യിട്ടു വാരുന്നവരും പല വിധ അന്ധവിശ്വാസങ്ങൾ വിറ്റു ജീവിക്കുന്നവരും വയറ്റുപിഴപ്പിന്റെ പ്രശ്നമായാണ് വിശ്വാസം അഭിനയിക്കുന്നത്. ഒരു പക്ഷെ, അത്തരം ആളുകളെ മാറ്റി നിർത്തിയാൽ ശക്തമായ സ്വാർത്ഥ താല്പര്യങ്ങൾ ഉള്ള കുറച്ചു വിശ്വാസികൾ കണ്ടേക്കാം. എന്നാൽ ഇത്തരക്കാർ വളരെയേറെ ഉണ്ടാകാൻ ഇടയില്ല. സംശയങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ് വളരെ വലിയ വിഭാഗം.

സംശയിച്ചുപോയാൽ എന്താണ്‌ കുഴപ്പം?

മറ്റുള്ളവർ ചെയ്യുന്നതൊക്കെ താനും അതേപടി ചെയ്തിരിക്കണം എന്നു തീരുമാനിക്കുന്നതെന്തിന് ? അന്ധവിശ്വാസികളുടെ പടയിൽ ഒരു സൈനികനായി ജീവിച്ചുപോകാം എന്ന നാണംകെട്ട നിലപാടിൻറെ ആവശ്യമുണ്ടോ?

മതപുരോഹിതന്മാരുടെ ചെയ്തികളിൽ വിമർശനം തോന്നാത്തവരായി ആരുണ്ട്‌ ? തന്നെക്കാൾ മന: സംഘർഷത്തിലാണ് മറ്റു മിക്കവരും എന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാത്തതു കൊണ്ടല്ലെ?

മനുഷ്യരാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. അതിനർത്ഥം നാം വിഗ്രഹങ്ങളുടെ സ്രഷ്ടാക്കൾ ആണ് എന്നാണ് . നാം നിർമ്മിച്ച വിഗ്രഹങ്ങളെ പിന്നീട് നാം തന്നെ പൂജിക്കുന്നു. സ്രഷ്ടാവായ ദൈവം തൻറെ സൃഷ്ടികളെ പൂജിക്കുന്നു എന്നു പറഞ്ഞാൽ യഥാർത്ഥ ദൈവവിശ്വാസികൾ ഉണ്ടെങ്കിൽ അവർക്കെന്താണ് തോന്നുക? ഒരു വക വിരോധാഭാസം എന്ന് കരുതും. എന്നാൽ, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് ? നിർമ്മാതാവായ മനുഷ്യൻ തൻറെ ഭാവനയ്ക്കനുസരിച്ച് രൂപപ്പെടുത്തിയ നിർമ്മിതിയെ താനടക്കമുള്ളവരെ സൃഷ്ടിച്ച ശക്തിയായി കരുതി വിശ്വസിക്കുന്നു!
ദൈവവിശ്വാസം യുക്തിരഹിതമാകുന്നതിങ്ങനെയാണ്.

ചിലർക്ക് വിഗ്രഹങ്ങൾ ആവശ്യമില്ല. മനസ്സിൽ ഒരു സങ്കല്പം മതി.
ആരാണ് സങ്കല്പിക്കുന്നത് ?
മനുഷ്യൻ.
മനുഷ്യൻറെ സങ്കല്പത്തിലുള്ള പലതും യഥാർത്ഥ ലോകത്ത് ഉണ്ടാകണമെന്നില്ല. അതിശയോക്തിപരമായ സങ്കല്പങ്ങൾ മനുഷ്യർ പരസ്പരം കൈമാറി – വളരെ കൌതുകത്തോടെ തന്നെ. പിന്നെപ്പിന്നെ, തങ്ങളുടെ സങ്കല്പ നിർമിതികളാണെന്ന സത്യം മറന്ന് ദൈവം പോലുള്ള സാങ്കല്പിക ‘ശക്തി’ കളോട് അവർ സഹായങ്ങൾ ആവശ്യപ്പെട്ടു. പിശാചിനെ പോലുള്ള സാങ്കല്പിക ശക്തികളെ ഭയന്നു!

എന്തുകൊണ്ട് നമ്മൾ നമ്മുടെ അവിശ്വാസം പരസ്പരം പറയുന്നില്ല?

വാസ്തവത്തിൽ, ദൈവം എന്നത് നിലവിൽ ഇല്ലാത്തതും കേവലം സങ്കല്പമായി മാത്രം പ്രചരിക്കുന്നതും ആണെന്ന യഥാർത്ഥ വസ്തുത പ്രചരിപ്പിക്കുന്നവരല്ലേ സത്യപ്രബോധകർ? നാം സത്യമല്ലെ പ്രചരിപ്പിക്കേണ്ടത്? യാഥാർത്ഥ്യം അംഗീകരിക്കുന്നതല്ലേ സത്യസന്ധത? ദൈവങ്ങളെ സങ്കല്പിക്കാനും സൃഷ്ടിക്കാനും കഴിവുളള മനുഷ്യനെക്കാൾ എങ്ങനെയാണ് ദൈവം കൂടുതൽ ശക്തനാകുക? ദൈവം ഇല്ലാത്ത സ്ഥിതിക്ക് അങ്ങനെ ഒരു സങ്കല്പത്തെ ഭയക്കുന്നതെന്തിന്?

സ്വന്തം യുക്തിബോധത്തിന്റെ അടിസ്ഥാനത്തിൽ സത്യം കണ്ടെത്തിയ ഓരോ നിരീശ്വരവാദിയ്ക്കും അഭിമാനമാണ് തോന്നേണ്ടത്. അവർ ശരിയായ നിഗമനത്തിലാണ് എത്തിയതെന്ന് മനസ്സിലാക്കി സ്വയം അഭിനന്ദിക്കേണ്ടതാണ്. നാസ്തിക്യം ഉറക്കെ പ്രഖ്യാപിക്കാൻ കഴിയുമ്പോൾ അതു് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അസുലഭ സന്ദർഭമാണെന്ന് അറിയുക. അതിനു സഹായകമാകുന്ന പ്രവർത്തനങ്ങൾ നടത്തുമ്പോൾ മനസ്സിന് പൂർവ്വാധികം ആഹ്ളാദവും പൊതുവിൽ ഊർജസ്വലതയും വർദ്ധിച്ചു വരുന്നതായി അനുഭവപ്പെടാതിരിക്കില്ല. സത്യവിശ്വാസം പ്രചരിപ്പിക്കുന്ന നിരീശ്വരവാദികളെ അസൂയയോടെ കാണുന്നവരും നിരീശ്വരവാദത്തെ പരിഹസിക്കുന്നവരും ഭീരുക്കളായിരിക്കാനാണ് സാധ്യത. ധീരന്മാരായ ധാരാളം പേർ തങ്ങൾ നിരീശ്വരവാദികളാണെന്ന് സമൂഹത്തിനു മുമ്പിൽ ഉറക്കെ പറഞ്ഞിട്ടുണ്ട്. ചില ഭീരുക്കൾ അപകടകാരികൾ ആകാം എന്ന സാധ്യത മനസ്സിലാക്കി പ്രവർത്തനം യുക്തിസഹമായി ചിട്ടപ്പെടുത്തണം. നമ്മുടെ ചുറ്റുപാട് നമുക്ക് അനുകൂലമാക്കി മാറ്റാൻ ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായി ചിന്തിച്ചുറപ്പിച്ചു വിവേകശാലികളായി പ്രവർത്തിക്കണം.

ദൈവത്തെ വിളിച്ചല്ല ആരും പിറന്നു വീഴുന്നത്. മനുഷ്യൻ പ്രക്ർത്യാ നിരീശ്വരനാണ്‌. വിശ്വാസപരമായ വിഡ്ഢിത്തങ്ങൾ പിന്നീടാണ്‌ നമ്മുടെ മനസ്സിനകത്തേക്ക് നിർബന്ധിച്ചു അടിച്ചു കയറ്റുന്നത്. കുടുംബവും മതപാഠശാലകളും, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാ സമ്പന്നരെങ്കിലും മൂഢരായ ചില അധ്യാപകരും, സാമൂഹ്യ വിരുദ്ധ ശക്തികളെ നിരുൽസാഹപ്പെടുത്തേണ്ടതിനു പകരം അവരെ ആശ്രയിക്കുന്ന മാധ്യമങ്ങളും, സങ്കോചത്തോടെ വിധേയത്വം നിലനിർത്തുന്ന സമൂഹവും ഈ അന്ധവിശ്വാസത്തെ രൂഢമൂലമാക്കാനും കൂടുതൽ വ്യാപിപ്പിക്കാനും അറിഞ്ഞും അറിയാതെയും സഹായിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് അനാവശ്യ ഭയങ്ങളിൽ നിന്നും ചൂഷകരായ പുരോഹിതന്മാരിൽ നിന്നും, മനുഷ്യരെ മോചിപ്പിക്കുന്നതിന് സത്യസന്ധരായ ആളുകളുടെ സംഘങ്ങൾ രൂപീകരിക്കേണ്ടിവരുന്നത്.

കുടുംബങ്ങളിലും, വാർഡുകളിലും,ഗ്രാമങ്ങളിലും, പട്ടണങ്ങളിലും കട്ടപിടിച്ച ഭീരുത്വം പിന്നീട് ചില വ്യക്തികളിൽ രൂഢമൂലമായ മതഭ്രാന്ത്‌ സൃഷ്ടിക്കാറുണ്ട്. ആ അവസ്ഥയിൽ ദൈവവിശ്വാസം അപകടകാരിയാണ്. ബോംബ്‌ സ്ഫോടനത്തിലൂടെ നിരപരാധികളെ കൊന്നുകൊണ്ട് ദൈവം കരുണാനിധിയും പരമ കാരുണികനും ആണെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഭ്രാന്തിനെ ആർക്കാണ് അംഗീകരിക്കാൻ കഴിയുക? ദൈവവിശ്വാസം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ഇന്ന് അത്രയൊന്നും വിശദീകരിക്കാതെ തന്നെ ആളുകൾക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.

വളരെയേറെ സമ്പത്തും ശാരീരികാധ്വാനവും ചെലവഴിച്ചാണ്‌ മതരംഗത്തെ പ്രവർത്തകർ ‘വിശ്വാസി’ സമൂഹത്തെ അന്ധവിശ്വാസങ്ങൾക്കകത്ത് തളച്ചു നിർത്തുന്നത്. ദൈവം ശക്തനാണെങ്കിൽ മനുഷ്യരുടെ സഹായവും പിന്തുണയും സംരക്ഷണവും എന്തിനാണ് ?

മതകാര്യങ്ങളിൽ വലിയ വിവരമില്ലെങ്കിലും തങ്ങൾ പറയുന്ന വിവരദോഷം അന്യരെല്ലാം അംഗീകരിക്കണം എന്നു വാശി പിടിക്കുന്നവരുണ്ട്‌. മതവാദികൾക്ക് ദൈവം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ പല വാദമുഖങ്ങളും ഉന്നയിക്കേണ്ടിവരും. ഇത്തരം വാദങ്ങളെല്ലാം തെറ്റാണെന്ന് പരിശോധനയിൽ കണ്ടെത്തുന്നതോടെ യുക്തിബോധമുള്ളവർ അവ തള്ളിക്കളയുന്നു. ഈ പ്രക്രിയയാണ് നിരീശ്വരവാദം. അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കുന്ന അടിമബോധത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാൻ നിരീശ്വരവാദം സഹായിക്കുന്നു. ശാസ്ത്രബോധത്തിന്റെയും യുക്തിവാദത്തിന്റെയും പരിശോധനാമാർഗ്ഗത്തിൽ തള്ളിക്കളയേണ്ടി വന്ന ഒരു സങ്കൽപ്പമാണ് ദൈവം.

ദാർശനികാന്വേഷണങ്ങളുടെ സുദീർഘമായ ചരിത്രത്തിൽ യുക്തിവാദം (Rationalism), അനുഭവാധിഷ്ഠിത വാദം (Empiricism), പ്രക്ര് തി വാദം (Naturalism), സർവേശ്വര വാദം (Pantheism), സന്ദേഹ വാദം (Skepticism), ഭൌതിക വാദം(Materialism), ഭൌതിക യാഥാർത്ഥ്യ വാദം(Physical Realism) എന്നിങ്ങനെ ഒട്ടനവധി വാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ യുക്തിവാദം ശ്രദ്ധേയമായ ഒരു ചിന്താപ്രസ്ഥാനമായി വളർന്നു വന്നത്‌ ഏതാണ്ട് 1650 നും 1800 നും (C.E.) ഇടയ്ക്കാണ്. ഇവരിലെ ആദ്യകാല യുക്തിവാദികൾ മതവിശ്വാസത്തെ വെളിപാടുകളുടെയോ പ്രവാചക വചനങ്ങളുടെയോ ആശ്രയമില്ലാതെ തികച്ചും സ്വാഭാവികമായ ഒന്നായി, പ്രക്ര് തിയുടെ തന്നെ ക്രമീകരണങ്ങളിൽ ഒന്നായി കാണാൻ ശ്രമിച്ചു. ബുദ്ധിയുടെ ബോധപൂർവകമായ പ്രയോഗത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മതകാര്യങ്ങളിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ചു. അന്നു നിലവിലുണ്ടായിരുന്ന സ്ഥാപനവൽക്ർത മതത്തെ പിടിച്ചു കുലുക്കുന്ന ഒന്നായിരുന്നു യുക്തിയുടെ ഈ പ്രയോഗം. അവരെല്ലാം നിരീശ്വരവാദികളായിരുന്നു എന്നൊന്നും ഇന്നത്തെ നിരീശ്വരവാദികൾ അവകാശപ്പെടുന്നില്ല. എന്നാൽ, സ്ഥാപിത മതങ്ങൾ ഈ യുക്തിവാദികളിൽ പലരേയും നിരീശ്വരവാദികൾ എന്ന് അധിക്ഷേപിക്കുകയുണ്ടായി. ഇതാണ് ചരിത്ര വസ്തുത. ഇന്നത്തെ നിരീശ്വരവാദികൾ ഈ പഴയകാല യുക്തിവാദികളെ തങ്ങളുടെ മുൻഗാമികളുടെ കൂടെ പരിഗണിക്കുന്നതിൽ തെറ്റു പറയാനാവില്ല. തോമസ്‌ പെയ്ൻ, വോൽതെയർ തുടങ്ങിയവർ അന്നു ദൈവത്തെ നിഷേധിച്ചില്ല എന്നത് യുക്തിവാദം ദൈവനിഷേധത്തിലേക്ക് വളരില്ല എന്ന വാദത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. വരും കാലത്തിൻറെ ജ്ഞാനോദയ പ്രസ്ഥാനം (Movement for Enlightenment) പുതിയ മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കുമ്പോൾ ബലമേറിയ അടിത്തറയായി വർത്തിക്കുന്നത് നാസ്തിക്യമായിരിക്കും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

Posted in നവോത്ഥാനം | Tagged , , | ഒരു അഭിപ്രായം ഇടൂ

മതനിരപേക്ഷത , ശാസ്ത്രബോധം

വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചു നിർത്തുന്ന ആധുനിക സങ്കല്പത്തെയാണ് മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ആശയത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും അനിവാര്യമായ ബന്ധമില്ല. ഇന്ത്യയെ പോലെ മതവിശ്വാസികൾ ഭൂരിപക്ഷമായിട്ടുള്ള ഒരു രാജ്യത്ത് ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത് സ്ഥാനാർഥികളുടെ ജാതി-മതാടിസ്ഥാനം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും. മതഗ്രൂപ്പുകളുടെ കൂട്ടായ്മയിലുള്ള അഭിനിവേശത്തിന് പകരം വ്യക്തികളുടെ ധാർമ്മിക നിലവാരത്തിൽ ഊന്നിയുള്ള ഒരു സമീപനത്തിലേക്ക് പൌരന്മാർ വളർന്നുവരാത്ത കാലത്തോളം രാഷ്ട്രീയ കക്ഷികൾ സ്വന്തം നിലപാടുകളിൽ സാരമായ വീഴ്ചകൾ വരുത്തിക്കൊണ്ട് വർഗീയ കക്ഷികളുടെ മാത്രമല്ല, പലപ്പോഴും ഭീകരതയുടെ വക്താക്കളായ മതതീവ്രവാദികളുടെ പോലും സ്വാധീനത്തിന് വഴങ്ങി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. സ്ഥാനാർഥികൾ ആകട്ടെ, അറിഞ്ഞും അറിയാതെയും മതവികാരം സ്പർശിക്കാൻ, അതുവഴി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്യും. ഓരോ പൊതുതെരഞ്ഞെടുപ്പും ഈ അർത്ഥത്തിൽ ജനങ്ങളെ പൂർവാധികം വർഗീയവൽക്കരിക്കാനാണ് ഉപകരിക്കുക. യഥാസമയം തെരഞ്ഞെടുപ്പുകൾ നടത്താതെ ജനാധിപത്യം പുലരില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ, പൊതുതെരഞ്ഞെടുപ്പുകൾ എല്ലാം വർഗീയത, ജാതീയത, വിദ്വേഷാധിഷ്ടിത സംഘർഷങ്ങൾ എന്നിങ്ങനെ മാനവികതാ വിരുദ്ധമായ അന്ധതയിലേക്കു ജനങ്ങളെ വഴിതെറ്റിക്കാൻ മാത്രമേ പ്രയോജനപ്പെടു. ഈ വിരുദ്ധ വസ്തുതകളുടെ വെളിച്ചത്തിൽ മതനിരപേക്ഷ ജനാധിപത്യം പുലരാനും രാഷ്ട്രീയ കക്ഷികളുടെ നിസ്സഹായാവസ്ഥ പരിഹരിക്കാനും എന്താണ് പോംവഴി?

രാഷ് ട്രീയ കക്ഷികൾ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും മതനിരപേക്ഷ ജനാധിപത്യത്തിൻറെ മൂല്യങ്ങൾ അഭ്യസിപ്പിക്കുമൊ? അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് കടിപിടി കൂടുന്നതിനിടയിൽ അവർക്ക് അതിനെല്ലാം നേരമെവിടെ! വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനോ പ്രതിരോധിക്കാൻ പോലുമോ കക്ഷിരാഷ്ട്രീയ സമീപനത്തിലൂടെ കഴിയില്ല എന്നതാണ് സമകാലിക ഭാരതീയ അനുഭവം.

മതഭീകരതയുടെ ബീഭത്സമുഖം കണ്ടുകഴിഞ്ഞ നമുക്ക് നമ്മുടെ തന്നെ സുരക്ഷിതത്വത്തിനും നിലനിൽപ്പിനും മതനിരപേക്ഷതയുടെ വക്താക്കളും പ്രചാരകരും ആയി സജീവമായി പ്രവർത്തന രംഗത്തിറങ്ങേണ്ട സന്ദർഭം ആസന്നമായിരിക്കുന്നു. ജനങ്ങളെയാകെ എത്രയും കുറഞ്ഞ കാലയളവിനുള്ളിൽ മതനിരപേക്ഷ മൂല്യബോധത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരായ വളരെയേറെ പ്രവർത്തകർ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു.

മൗലിക കണങ്ങളെക്കുറിച്ചും ഡി. എൻ. എ. യുടെ തലത്തിലും പ്രപഞ്ചഘടനാന്വേഷണത്തിലും ഒക്കെ ശാസ്ത്രലോകം നിരന്തരം അറിവുകൾ സമാഹരിച്ചുകൊണ്ടേയിരിക്കുമ്പോഴും സാമാന്യ ജനങ്ങൾ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പൂർവ്വാധികം ഉത്സുകരാകുന്നതായാണ് കാണാൻ കഴിയുന്നതു്. ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വളർന്നുവന്ന സാങ്കേതികവിദ്യ മനുഷ്യനെ നശിപ്പിക്കാൻ ആറ്റംബോംബുണ്‍ടാക്കിയില്ലെ എന്നു ചോതിച്ചുകൊണ്ടിരുന്ന മതം ഇപ്പോൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും എല്ലാ ശേഷിയും ദുരുപയോഗപ്പെടുത്തിയാണ് ഭീകരവാദ പ്രവർത്തനം നടത്തുന്നത്.
ശാസ്ത്രരംഗത്തെ കുറെ അറിവുകൾ സമാഹരിച്ചതുകൊണ്ടായില്ല; ശാസ്ത്രബോധം വളർത്തുകയാണ് പ്രധാനം. അതാകട്ടെ, മനുഷ്യരുടെ മനോഭാവത്തിൽ ഉണ്ടാക്കിയെടുക്കേണ്ട ഒരു പുതിയ മാറ്റമാണ്. എല്ലാറ്റിനെയും പുനരവലോകനത്തിന് വിധേയമാക്കാനും തെറ്റെന്നു ബോദ്ധ്യമാകുന്നതെൽലാം തള്ളിക്കളഞ്ഞ് ശരിയെയും സത്യത്തെയും അംഗീകരിക്കാനും തയ്യാറാകുന്ന ഒരു സമീപനമാണ് ശാസ്ത്രബോധം ആവശ്യപ്പെടുന്നത്.

എല്ലാവിധ അന്ധവിശ്വാസങ്ങളെയും ചൂഷണാധിഷ്ഠിത അനാചാരങ്ങളെയും ശാസ്ത്രവൽക്കരിക്കാനുള്ള ഒരു ശ്രമം വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശേഷി നിരാകരിക്കാനാകാത്ത വിധം ശക്തമാണ്. ഈ അവസ്ഥയെ ദുരുപയോഗം ചെയ്യാനാണ്‌ മതശക്തികൾ ശ്രമിക്കുന്നതു്. ശാസ്ത്രബോധത്തിന്റെ ശരിയായ വ്യാപനം കൊണ്ടെ ഇതിനെ നേരിടാനാകൂ.

കാര്യകാരണബന്ധങ്ങളുടെ ശ്ർമ്ഖലകൾ പരിശോധിച്ചു ചെല്ലുമ്പോൾ ജനങ്ങൾ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന പല കാര്യങ്ങളും തെറ്റാണെന്നും തള്ളിക്കളയേണ്ടവയാണെന്നും ബോദ്ധ്യപ്പെട്ടെന്നു വരും. ജനങ്ങൾക്ക്‌ അപ്രിയമായ കാര്യങ്ങൾ കണ്ടെത്തുമെന്നു ഭയപ്പെടുന്നവർ അതിനാൽ ‘കാരണത്തെ വിട്ടു കാര്യത്തിൽ ഒതുങ്ങാൻ’ തയ്യാറില്ലെന്ന തന്ത്രം മെനഞ്ഞ് ശാസ്ത്രപ്രചരണ സംഘം എന്നൊക്കെയുള്ള പേരുകളിൽ വിരാജിക്കുന്നതായും കാണാൻ കഴിയും. കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ബോദ്ധ്യപ്പെടുക ശാസ്ത്രബോധത്തിന്റെ പ്രവർത്തനമാണ്‌. അത് യുക്തിവാദമോ നിരീശ്വരവാദമോ ആയിപ്പോകുമെന്ന് ഭയപ്പെടുന്നവർക്ക്‌ ജനങ്ങളെ ശാസ്ത്രബോധമുള്ളവരാക്കാൻ കഴിയില്ല. വിധിബോധത്തിൽ നിന്നും രക്ഷകനെക്കുറിച്ചുള്ള അന്ധമായ പ്രതീക്ഷയിൽ നിന്നും വിമുക്തരാകുമ്പോഴേ ജനങ്ങൾ തങ്ങളുടെ യഥാർത്ഥ ശേഷി തിരിച്ചറിയു. ഇതിനാകട്ടെ, ബോധപൂർവ്വമുള്ള യത്നങ്ങൾ അനിവാര്യമാണ്. ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണ് മതകീയതകളിലാണെന്നു കൂടി ബോദ്ധ്യം വന്നവർ ഇന്നത്തെ ദു:സ്ഥിതി എത്രയും പെട്ടെന്ന് മാറ്റിത്തീർക്കേണ്ടതാണെന്ന് മനസ്സിലാക്കും. ജനങ്ങളെ പുതിയ ജനാധിപത്യ ബോധത്തിലേക്ക്‌ ആനയിക്കാൻ പ്രതിജ്ഞയെടുത്ത ബഹുസഹസ്രം പ്രവർത്തകർ ഉടനെ രംഗത്തു വരേണ്ടിയിരിക്കുന്നു.

ജീവിതശൈലി മാറിയാൽ അന്ധവിശ്വാസങ്ങൾ താനേ മാറിക്കൊള്ളും എന്നും സാമ്പത്തിക ഘടന മാറാതെ ജീവിതശൈലി മാറുകയില്ലെന്നും അതിനാൽ ജനമനസ്സുകളിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് പാഴ്വേലയാണെന്നും വിശ്വസിച്ചുവശായ ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഘടനാപരമായ മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന ശക്തികളുടെ ഭാഗമാകുകയൊ, അല്ലെങ്കിൽ അവർക്കെതിരെ പോരടിക്കുകയോ – ഈ രണ്ടു വിരുദ്ധ ശൈലികളും ബഹുജനങ്ങളെ മതനിരപേക്ഷവല്ക്കരിക്കുന്നതിനു പ്രയോജനപ്പെടുന്നതായി കാണുന്നില്ല.

പൌരന്മാർക്ക് മതനിരപേക്ഷതയിലും ശാസ്ത്രബോധത്തിലും വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞാൽ അവരുടെ ജീവിതശൈലിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ശാസ്ത്രീയമായ അറിവും അതിൻറെ യുക്തിസഹമായ പ്രയോഗവും ശീലിക്കുന്നതോടെ ചുറ്റുപാടിനെ മാറ്റിത്തീർക്കാനുള്ള ശേഷിയിലേക്ക് ജനങ്ങൾ വളരും. ശാസ്ത്രബോധത്തിന്റെ വ്യാപനത്തോടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാകും. മതാന്ധത ഇല്ലാതാകുന്നതോടെ മാനവികമായ സാഹോദര്യത്തിന്റെയും തുല്യതയുടെയും സ്വാതന്ത്ര്യത്തിൻറെയും ബോധം ആളുകളിൽ ശക്തമാകും. ഇങ്ങനെ മതകീയമായ പാരതന്ത്ര്യത്തിൽ നിന്നു് മോചനം നേടിയ വ്യക്തിക്കെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന് മനസ്സിലാകൂ. അങ്ങനെയുള്ള ആയിരക്കണക്കായ വ്യക്തികളുടെ പരിശ്രമത്തിലൂടെ മാത്രമേ ഘടനാപരമായ പരിവർത്തനം ശാസ്ത്രീയമായി സാധ്യമാകൂ.

ഈ വ്യക്തതയോടെ ഒരു പുതിയ ഉണർവ്വിന് ജനങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള കടമ ഉന്നതമായ പൌരബോധം വ്യക്തികളിൽ നിന്നും ആവശ്യപ്പെടുന്നു. സമാന ശൈലിയിലും ലക്ഷ്യത്തിലും പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. അവരുമായി സാധ്യമായ രീതികളിലെല്ലാം സഹകരിച്ചുകൊണ്ടു പുതിയ മാനവികതയുടെ സുവിശേഷ പ്രഘോഷകരായി നമുക്ക് മാറാം.

Posted in നവോത്ഥാനം | Tagged , , , | ഒരു അഭിപ്രായം ഇടൂ

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം

അബ്ദുൽ മജീദ്‌. യു.പി

കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഭാരതവും ലോകം ആകെത്തന്നെയും പ്രയാസമേറിയ ഒരു സന്ധിയെ അഭിമുഖീകരിച്ചു നിൽക്കുമ്പോൾ വേറിട്ടൊരു വഴി കണ്ടെത്തിയ അസാധാരണ ദാർശനികൻ ആണ് എം. എൻ. റോയ് . ഒരുവശത്ത്‌ ഫാസിസവും മറുവശത്ത് സമഗ്രാധിപത്യവും ഭൗതികവും സാംസ്കാരികവുമായ അധിനിവേശത്തിനു ശ്രമിക്കുമ്പോൾ നവമാനവികത എന്ന ശാസ്ത്രീയവും യുക്തിസഹവുമായ ഒരു ദാർശനിക പദ്ധതി അവതരിപ്പിച്ച എം. എൻ. റോയ് ചരിത്രപരമായ കാരണങ്ങളാൽ ഇപ്പോഴും ബുദ്ധിജീവികൾക്കിടയിൽ മാത്രമാണു് കാര്യമായി ചർച്ച ചെയ്യപ്പെടുന്നത് .

1887 മാർച്ച്‌ 21 ന് ബംഗാളിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു . യഥാർത്ഥ നാമം നരേന്ദ്രനാഥ ഭട്ടാചാര്യ എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ആയുധം ശേഖരിക്കാൻ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ഥ പേരുകളിൽ സഞ്ചരിക്കേണ്ടിവന്ന ഈ മനുഷ്യൻറെ ജീവിതവും ആശയങ്ങളും സ്വാതന്ത്ര്യം പരമ പ്രധാനം ആണെന്നു വിശ്വസിക്കുന്ന ഏവരും അത്ഭുദാദരങ്ങളോടെയാണ് വായിക്കുകയും സ്വായത്തമാക്കുകയും ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ ദർശനം എന്നാണ് അദ്ദേഹത്തിന്റെ ഇരുപ്പത്തിരണ്ടു തീസീസുകളെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.

എം. എൻ. റോയ് അന്തരിച്ചിട്ട് 60 വർഷം കഴിഞ്ഞു (1954 ജനുവരിയിലായിരുന്നു അന്തരിച്ചത് ). അദ്ദേഹത്തിന്റെ ദാർശനിക പദ്ധതിക്ക് 66 വർഷത്തിലേറെ പഴക്കമുണ്ട്. ഈ ദർശനത്തിന്റെ പ്രയോഗ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടി ഉയർത്തപ്പെടുന്ന ആശയങ്ങളോട് മുഖംതിരിച്ചു നില്ക്കുന്ന സാംസ്കാരിക സാഹചര്യം ഇന്നും ആഴത്തിൽ വേരുറച്ച് വ്യാപകമായി പടർന്നു നില്ക്കുന്നു. ഈ സാഹചര്യം, പ്രതിരോധം തീർക്കുന്ന പ്രധാന ഘടകം എന്നപൊലെത്തന്നെ, പ്രസ്തുത ദർശനം ഇനിയെങ്കിലും പരീക്ഷിക്കപ് പെടെണ്ടതാണെന്ന അനിവാര്യതയും നമ്മെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമാണ് . തൻറെ ലോകത്തെ മാറ്റിമറിക്കേണ്ടതും പുതുക്കിപ്പണിയേണ്ടതും താൻ തന്നെയാണ് എന്ന് ഉണർത്തുന്നതിലൂടെ മനുഷ്യ മോചനത്തിന്റെ യുക്തിസഹമായ പാതയായി ഇതിനെ തിരിച്ചറിയുന്ന വ്യക്തികൾ തങ്ങളുടെ സ്വന്തം ജീവിതത്തെ പ്രായോഗികമായി പ്രകാശപൂരിതമാക്കുന്ന ഒന്നായി ഈ ദർശനത്തെ സോത്സാഹം സ്വീകരിക്കുന്നു. വ്യതിരിക്തത ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുന്നതിനു പകരം ജാതി, മതം, വർഗം തുടങ്ങിയ സമഷ്ടി രൂപങ്ങൾക്കും സംഘടിത ശക്തിക്കും സവിശേഷമായ ‘അഹംബോധം’ ഉണ്ടെന്ന അന്ധവിശ്വാസത്തിനു വിധേയമാക്കി ആളുകളെ ചട്ടുകങ്ങളും യന്ത്രങ്ങളിൽ ഘടിപ്പിച്ച ചക്രങ്ങളുടെ പല്ലുകൾ പോലുള്ള ഉപകരണങ്ങളുമാക്കി മാറ്റുന്ന സകല അടഞ്ഞ പദ്ധതികളെയും ഈ ദർശനം നിരാകരിക്കുന്നു. അങ്ങനെയുള്ള പദ്ധതികളിലെല്ലാം ഉൾക്കൊണ്ടിരിക്കുന്ന ‘മതകീയ’ പ്രവണതകളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുമ്പോഴേ വ്യക്തികൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നുള്ളു.

യൂറോപ്യൻ ജ്ഞാനോദയത്തിലേക്ക് നയിച്ച നവോത്ഥാന മാനവികതയുടെ ചരിത്രം ശാസ്ത്രീയമായി അപഗ്രഥന വിധേയമാക്കിയതിൻറെ ഫലമായി മനുഷ്യജീവിതത്തിൻറെ വ്യക്തിപരവും രാഷ്ട്രീയമടക്കം സാമൂഹ്യവുമായ എല്ലാ രംഗങ്ങളെയും ഉറച്ച ഒരസ്ഥിവാരത്തിൽ പുതുതായി പണിതുയർത്താൻ പ്രാപ്തമാക്കുംവിധം വ്യക്തമായ ഒരു ദാർശനിക സമീപനം ആണ് നിർദ്ദേശിക്കപ്പെടുന്നത്. പുതിയ അറിവിൻറെ വെളിച്ചത്തിൽ, ഇപ്പോൾ അന്ധകാരം നിലനിർത്താൻ മാത്രം സഹായിക്കുന്ന പഴയ ധാരണകൾ ഉപേക്ഷിക്കേണ്ടതാണെന്നും സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഊർജ്ജസ്വലമായ ഒരു ജീവിത പദ്ധതിയാണ് നമ്മെയെല്ലാം ചൂഴ്ന്നു നില്ക്കുന്ന ഇന്നത്തെ പ്രതിസന്ധികൾക്ക് പരിഹാരം എന്നും അദ്ദേഹം നിരന്തരമായി ഉദ്ബോധിപ്പിച്ചു. അതിനാലാണ് പല റാഡിക്കൽ ഹ്യൂമനിസ്റ്റുകളും തങ്ങളുടെ മുഖ്യമായ ഒരു പ്രവർത്തന മേഖലയായി യുക്തിവാദ പ്രചരണ രംഗത്തെ പരിഗണിക്കുന്നത്.

ഇന്നും നവമാനവികതയുടെ ഇരുപത്തിരണ്ടു തീസീസുകളും പ്രസക്തമാണ് എന്നു വിശ്വസിക്കുന്ന റാഡിക്കൽ ഹ്യൂമനിസ്റ്റുകൾ, ഇടയ്ക്കിടെ തങ്ങളുടെ ദർശനത്തിന് ശാസ്ത്ര, ദാർശനിക രംഗങ്ങളിൽ നിന്ന് സാരമായ വെല്ലുവിളികൾ ഉയർന്നു വരുന്നുണ്ടോ എന്നും, ഇപ്പോഴും അത് പ്രസക്തമാണോ എന്നും തങ്ങൾക്കിടയിൽ തന്നെ വിമർശനാത്മകമായി ചർച്ച നടത്തി, ആശയവ്യക്തത നേടാറുണ്ട്. 1994 ഏപ്രിൽ മാസത്തിൽ (റോയ് മരിച്ച് 40 വര്ഷം കഴിഞ്ഞ് ) ജസ്റ്റിസ് വി. എം. താർക്കുണ്‍ഡെയും അടുത്തകാലത്ത് ഡോക്ടർ രേഖ സാരസ്വതും റാഡിക്കൽ ഹ്യൂമനിസ്റ്റ് മാസികയിലൂടെ നടത്തിയ ശ്രമങ്ങൾ സ്മരണീയമാണ്. ആധുനിക ശാസ്ത്രത്തിൻറെ സുസ്ഥാപിത സിദ്ധാന്തങ്ങൾക്കു നിരക്കുന്ന ഒരു ദാർശനിക പദ്ധതി മാത്രമെ തങ്ങൾക്ക് സ്വീകരിക്കാനാകൂ എന്ന ഈ പ്രശംസാർഹമായ കരുതൽ നവമാനവികതയെ യുക്തിവാദികൾക്ക് ആകർഷകമായ ഒരു ദർശനമായി സ്വീകാര്യമാക്കുന്നു.

വർഗം, വംശം, ലിംഗം, മതം തുടങ്ങിയ അടിസ്ഥാനങ്ങളിൽ ഉയർത്തപ്പെടുന്ന സ്വത്വ ധാരണകൾ അല്ല, മറിച്ചു വ്യക്തിയിൽ സ്വത:സിദ്ധമായ, ചിലപ്പോൾ സുപ്തമായിരിക്കുന്ന യുക്തിബോധമാണ് യഥാർത്ഥ ചാലക ശക്തി. ഈ യാഥാർത്ഥ്യം ബോദ്ധ്യപ്പെടുന്നതോടെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന തിരിച്ചറിവ് വ്യക്തികളിൽ വളർന്നു വരുന്നു. ജീവപരിണാമത്തിന്റെ ഫലമായി വളർന്നു വികസിച്ച കഴിവുകളാണ് സ്വാതന്ത്ര്യം, യുക്തിവാദം, സ്വയാവലംബിത ധാർമ്മികത എന്നീ മൂല്യങ്ങളിൽ ഉറച്ചു നിൽക്കാൻ ജ്ഞാനോദയം ലഭിച്ച മനുഷ്യരെ പ്രാപ്തരാക്കുന്നത്. അതിനാൽ, സാമൂഹ്യവും ധാർമികവുമായ മൂല്യങ്ങളുടെ സ്രോതസ്സ് ദൈവപ്രോക്തങ്ങളോ പ്രകൃത്യാതീതങ്ങളൊ ഒക്കെ ആണെന്ന വിധത്തിൽ ഉയർത്തപ്പെടുന്ന സകല അന്ധവിശ്വാസങ്ങളെയും നിരാകരിക്കാൻ ഈ ദർശനം നമ്മെ പ്രാപ്തരാക്കുന്നു.

സർവ്വതല വ്യാപിയായ അപചയങ്ങളുടെ ദൈനംദിനമുയരുന്ന വാർത്തകളിൽ പ്രകമ്പനംകൊള്ളുന്ന കേരളത്തിന്റെ സാംസ്കാരിക രംഗം നവീനമായൊരു ദർശനവും അത് നല്കുന്ന സാംസ്കാരിക പന്ഥാവും അന്വേഷിക്കുകയാണ്. പുകഴ്ത്തിപ്പാടി പഴകിയ പ്രത്യയശാസ്ത്രങ്ങൾ വഞ്ചനയുടെയും ധാർമ്മിക മൂല്യങ്ങളുടെ തിരസ്കാരത്തിന്റെയും കഥകളാണ് അവശേഷിപ്പിക്കുന്നത്. ഈ തിരിച്ചറിവ് തുടർ ചിന്തകളുടെ ഫലമായി രൂപപ്പെടുന്ന വേറിട്ട ദാർശനിക പദ്ധതികളുടെ പരിശോധനയിലേക്ക് ചിന്താലോകത്തെ നയിക്കുന്നു. കനത്ത വില നൽകേണ്ടിവന്ന അനുഭവങ്ങൾക്കു ശേഷം, ഫാസിസത്തിനും സമഗ്രാധിപത്യത്തിനും ഇടയിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നവീനവും ശാസ്ത്രീയ ജ്ഞാനത്താൽ പ്രബോധിതവുമായ ഒരു ദാർശനിക പാത നിർമ്മിച്ചെടുക്കാൻ ഭാരതത്തിലെ യുക്തിവാദികളിൽ അദ്വിതീയനായ എം. എൻ. റോയ്‌ ക്ക് കഴിഞ്ഞു. അദ്ദേഹം രൂപപ്പെടുത്തിയ ‘ഇരുപത്തിരണ്ടു തീസീസുകൾ’ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

കേരളത്തിൻറെ ഇന്നത്തെ പരിതസ്ഥിതിയിൽ സാർത്ഥകവും പ്രസക്തവും ആണെന്ന് മാത്രമല്ല, യുക്തിവാദത്തെ അടിസ്ഥാനമാക്കിയ ഏക ദർശന പദ്ധതിയാണ് നവമാനവികത എന്ന വസ്തുത കൂടി ഒരു പുതിയ പ്രബോധോദയത്തിനു വേണ്ടി അനവരതം പരിശ്രമിക്കുന്ന വിപ്ളവകാരികളെ അറിയിക്കാൻ ഏറെ അഭിമാനമുണ്ട്.

(ഇതേ തലക്കെട്ടിൽ മാർച്ച് 2011 ൽ യുക്തിരാജ്യം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം നേരിയ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിക്കുകയാണ്.)

Posted in Uncategorized | Tagged | ഒരു അഭിപ്രായം ഇടൂ

നവോത്ഥാന സമിതി – ഒരാമുഖം

ആത്മീയവാദവുമായി പോരാടാന്‍ പര്യാപ്തമായ ദര്‍ശനം ആണ് മാനവികത . അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്തര്‍ദേശീയ മാനവിക ധാര്‍മിക സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ എം . എന്‍ . റോയ് അവതരിപ്പിച്ചത് ഇങ്ങനെ ആണ് :

മനുഷ്യന്‍ സ്വതസ്സിദ്ധമായി യുക്തിബോധം ഉള്ള ജീവിയാണ് . യുക്തിബോധമുള്ളത് കൊണ്ട് തന്നെ,സ്വതവേ, അവന്‍ ധാര്‍മ്മികബോധം ഉള്ളവനും ആണ്. യുക്തിബോധവും മാന്യതാബോധവും ഉള്ള അംഗങ്ങള്‍ക്ക് പരസ്പര ഐക്യവും ധാര്‍മികതയും ഉള്ള സാമൂഹ്യ ക്രമം ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിയും . പണ്ട് , ഈ സവിശേഷതകള്‍ മനുഷ്യവംശത്തിനു അവകാശപ്പെടുന്നതിനു ദൈവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കണം . ആ വീക്ഷണത്തില്‍ , ഒരു സാര്‍വത്രിക ധാര്‍മിക തത്വം മനുഷ്യനിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ മനുഷ്യന് ധാര്‍മികനാകാതെ തരമില്ല . ഈ വിധത്തില്‍ അന്ന് പ്രശ്നം അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്‍ കേവലം മനുഷ്യന്‍ എന്ന നിലയില്‍ ധാര്‍മികനാകാന്‍ സാദ്ധ്യത ഇല്ല എന്ന നിലപാടാണ് അത് . അതുകൊണ്ട് തന്നെ, ഇന്നും മതത്തിന്റെ വരട്ട് തത്വ വാദങ്ങളെ സംശയിക്കുന്നവരെ സദാചാര വിരുദ്ധരായി അധിക്ഷേപിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഒന്നുകില്‍ പൊതു നിരത്തിലെ പോലീസ് , അല്ലെങ്കില്‍ സ്വര്‍ഗത്തിലെ പോലീസ് – ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഒരു പോലീസുകാരന്റെ ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലല്ലാതെ മനുഷ്യന് മര്യാദക്കാരനാകാന്‍ കഴിയില്ല എന്നാണു ഇതിലൂടെ വിവക്ഷിക്കപ്പെടുന്നത്‌ . തെരുവിന്റെ അങ്ങേ തലക്കല്‍ പോലീസുകാരന്‍ നില്കുന്നു, അതിനാല്‍ മോഷ്ടിക്കുന്നില്ല; സ്വര്‍ഗത്തിലെ പോലീസുകാരനെ ഭയന്ന് പാപം ചെയ്യുന്നില്ല ! ഏറെ ഉന്നതമായ ഒരു സദാചാര സിദ്ധാന്തം ആയി ഇതിനെ പരിഗണിക്കാന്‍ ആവില്ല.

ചരിത്രത്തെയും തന്റെ തന്നെ ഭാവിഭാഗധേയത്തെയും രൂപപ്പെടുത്താന്‍ മനുഷ്യന് കഴിയും. മനുഷ്യന്, മനുഷ്യന്‍ എന്ന നിലക്ക് തന്നെ, ജീവശാസ്ത്രപരമായി, ജന്മസിദ്ധമായി ഉള്ള സവിശേഷതയാണ് യുക്തിബോധം. ധാര്‍മികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് പ്രകടിതമാകുന്നത് യുക്തി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നന്മ തിന്മ കളെ തിരിച്ചറിയാനും അവയില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിക്കും നിദാനം യുക്തിബോധം തന്നെ .

ഒരു മനുഷ്യാതീത ശക്തിക്ക് വിധേയന്‍ ആണ് എന്ന് വന്നാല്‍ മനുഷ്യന് അവന്റെ ഭാവി ഭാഗധേയം രൂപപ്പെടുത്താന്‍ ആവില്ല. ഈ ഭൂമിയില്‍ മനുഷ്യന്റെ അവസ്ഥ ഭേദപ്പെടുത്തുന്നത്തിനുള്ള ഏതു ശ്രമത്തിനും മനുഷ്യാതീത ശക്തികളിലുള്ള അവന്റെ വിശ്വാസം ഇല്ലാതാകണം . കാലഹരണം വന്ന, വിധിബോധത്തില്‍ അധിഷ്ഠിതമായ, മനുഷ്യനെ മരവിപ്പിക്കുന്ന മതകീയ ചിന്താരീതിയുടെ സ്ഥാനത്ത് ഭാരതീയ ജനതയുടെ മനസ്സുകളില്‍ ശാസ്ത്രീയ ചിന്താ രീതി ഉറപ്പിക്കുന്നതിനു വേണ്ടി ഒരു ദാര്‍ശനിക വിപ്ലവം നടക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്നും മറ്റു രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നും പഠിച്ച നമുക്ക് മാനവികതയെ നമ്മുടെ പുതിയ ദര്‍ശനം ആയി സ്വീകരിക്കാം. കാര്യങ്ങളുടെ കേന്ദ്ര സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു ദര്‍ശനം. അതിന്റെ സത്ത എന്താണെന്ന് അറിയാത്ത, അജ്ഞ്ഞെയവും ബോധാതീതവും ആയ മനുഷ്യന്‍ അല്ല, യുക്തിയും ധാര്‍മികതയും ജീവശാസ്ട്രപരമായ സവിശേഷതയായി ത്തന്നെ ലഭ്യമായിട്ടുള്ള മനുഷ്യന്‍ – തന്റെ സ്വന്തം കാലുകളില്‍ നില്‍ക്കാനും തന്മൂലം തന്റെ ലോകം നിര്‍മിക്കാനും ശേഷിയുള്ള മനുഷ്യന്‍. മനുഷ്യ ലോകത്ത് നിര്‍മാണങ്ങള്‍ എല്ലാം നടത്തിയത് മനുഷ്യരാണ്. ഏതെങ്കിലും മനുഷ്യാതീത അസ്തിത്വത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയ്ക്കല്ലാതെ, നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അറിയുമ്പോഴേ – അതെ , അപ്പോള്‍ മാത്രമേ – മാനവ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം നമുക്ക് തുടങ്ങാന്‍ കഴിയൂ.

ചിരപുരാതന കാലം മുതല്‍ എല്ലായിടത്തും മനുഷ്യ മനസ്സ് കഠിന യത്നം നടത്തിക്കൊണ്ടിരുന്നു. നമ്മുടെ ദര്‍ശനത്തിന്റെ ബീജങ്ങള്‍ നമ്മുടെ പൌരാണിക സാഹിത്യത്തില്‍ പോലും കാണാം. ആധുനിക കാലഘട്ടത്തിനു അനുസൃതമായി വികസിപ്പിച്ച നമ്മുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഭാരം നമുക്ക് ഏറ്റെടുക്കാം. ഈ പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്നു. ഭാരതീയ മാനവികതയുടെ പുനര്‍ജന്മത്തിന്റെ ഒരു പ്രസ്ഥാനം. ഈ നവോത്ഥാനത്തിന് , പക്ഷെ, പൌരാണിക ഭാരതത്തിന്റെ പുനരുത്ഥാനം എന്ന് അര്‍ത്ഥം ഇല്ല. ഭൂതകാലം കഴിഞ്ഞു പോയി. നമുക്ക് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, നമുക്ക് സ്ഥല കാലങ്ങളെ മുറിച്ചു കടന്നു പോകുന്ന, സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വിപുലപ്പെടുത്തുകയെന്ന നമ്മുടെ ഉദ്ദേശത്തിനു സഹായകമാകുന്ന, നമ്മുടെ ഭാവി നിര്‍മ്മിച്ചെടുക്കാനുള്ള പ്രയത്നത്തില്‍ നമുക്ക് ഉപകരിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്താന്‍ ഭൂതകാലത്തിലേക്ക് നോക്കാവുന്നതാണ്. എന്നാല്‍, ഏതൊരു യഥാര്‍ത്ഥ നവോത്ഥാനവും ഭാരതത്തിലെ സ്ത്രീ പുരുഷന്മാരുടെ മാനസികവും ആത്മീയവും ആയ പുനര്‍ജ്ജനി ആയിരിക്കണം. ഇതുവരെ മനുഷ്യന്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ ഏജെന്റ്റ്‌ ആയിരുന്നു. അല്ലെങ്കില്‍ ഒരു ദൈവിക ഇച്ച്ചയുടെ പ്രകാശനം ആയിരുന്നു. അതും അല്ലെങ്കില്‍ ഒരു വിശുദ്ധന്‍, രക്ഷകന്‍ മറ്റും മറ്റും. മനുഷ്യന്‍ മനുഷ്യന് വേണ്ടിത്തന്നെ ആയിരിക്കണം എന്നത് അത്ര നല്ല കാര്യമായി കരുതപ്പെട്ടിരുന്നില്ല. നമുക്ക് ശേഷം വരാനിരിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ പ്രകാശ പൂര്‍ണമായ ഒരു ഭാവി നാം ആഗ്രഹിക്കുന്നുവെങ്കില്‍, തന്റെ ഭാഗധേയം സൃഷ്ടിക്കുന്ന മനുഷ്യന്‍, സ്മരണാതീത കാലം മുതല്‍ ഇങ്ങോട്ട് ചരിത്രം നിര്‍മിച്ച മനുഷ്യന്‍, നമ്മുടെ കാലഘട്ടത്തിലും സര്‍ഗാത്മകത തുടരാതിരുന്നു കൂട.

ഇതാണ് മാനവികതാ പ്രസ്ഥാനത്തിന് ഊര്‍ജസ്വലരായ സജ്ജനങ്ങളോട് ബോധിപ്പിക്കാന്‍ ഉള്ളത്.

Posted in നവോത്ഥാനം | Tagged , | ഒരു അഭിപ്രായം ഇടൂ